കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ, ബർക്കയിലെ വാദിയിൽ കുടുങ്ങിയ രണ്ട് ഇന്ത്യക്കാരെ പാകിസ്ഥാൻ സ്വദേശിയായ ഷെഹ്‌സാദ് ഖാൻ സാഹസികമായി രക്ഷപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തി നടത്തിയ ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ഷെഹ്‌സാദിന് അഭിനന്ദന പ്രവാഹമാവുകയുമാണ്.

മസ്‌കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വാദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലും വെള്ളം കയറി. ഇതിനിടെ രണ്ട് ഇന്ത്യക്കാരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ പാകിസ്ഥാൻ യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ താരമാകുകയാണ്. ബർക്കയിൽ ജോലി ചെയ്യുന്ന ഷെഹ്‌സാദ് ഖാൻ എന്ന 25 വയസ്സുകാരനായ പാകിസ്ഥാൻ സ്വദേശിയാണ് വൈറലായത്.

Add Asianetnews as a Preferred SourcegooglePreferred

ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ബർക്കയിലെ ഒരു വാദിയിൽ പ്രളയമുണ്ടായപ്പോഴാണ് സംഭവം. ശക്തമായ ഒഴുക്കുള്ള വാദി മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു കാർ പകുതിയോളം വെള്ളത്തിൽ മുങ്ങിപ്പോയി. നൂറുകണക്കിന് ആളുകൾ കരയിൽ നിന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴും കാറിനുള്ളിൽ കുടുങ്ങിയവർ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. കാറിനുള്ളിലെ നിലവിളി കേട്ട ഷെഹ്‌സാദ് ഖാൻ ഒട്ടും ആലോചിക്കാതെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ചാടി. വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന കാറിന് മുകളിൽ കയറി തന്‍റെ കാലുകൊണ്ട് ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ലുകൾ ഉപയോഗിച്ച് ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന രണ്ട് പേരെയും പുറത്തെടുത്തു.

കാറിലുണ്ടായിരുന്ന രണ്ട് പേരും ഇന്ത്യക്കാരായിരുന്നു. ‘ആ നിമിഷം അവരുടെ രാജ്യമോ മതമോ ഒന്നും ഞാൻ ചിന്തിച്ചില്ല, അപകടത്തിൽപ്പെട്ട മനുഷ്യരെ മാത്രമാണ് കണ്ടത്’- ഷെഹ്‌സാദ് പറഞ്ഞു. ചുവന്ന കുർത്ത ധരിച്ച് ഷെഹ്‌സാദ് ഈ സാഹസിക രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കേവലം കാഴ്ചക്കാരായി നിൽക്കാതെ ഒരാളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന ഷെഹ്‌സാദിനെ പാകിസ്ഥാൻ സോഷ്യൽ ക്ലബ്ബും വിവിധ കമ്മ്യൂണിറ്റികളും അഭിനന്ദിച്ചു. സ്ഥിതിഗതികൾ ശാന്തമായാൽ ഷെഹ്‌സാദിനെ പാകിസ്ഥാൻ എംബസി ആദരിക്കുമെന്ന് അധികൃതർ അറിയിച്ചു.