വെടിനിർത്തൽ കരാറിന് പിന്നാലെ ഇസ്രയേൽ വിട്ടയച്ച ബന്ദികളുടെ മൊഴികൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഗാസ: ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ ബന്ദികളാക്കിയവർക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനമെന്ന് റിപ്പോർട്ട്. ദി പാലസ്തീനിയൻ സെൻറർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് അനുസരിച്ചാണ് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന പലസ്തീനികൾ ഇസ്രയേൽ തടവിൽ അതിക്രൂരമായ മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങൾക്കാണ് ഇരയായതെന്നാണ് വ്യക്തമാവുന്നത്. വെടിനിർത്തൽ കരാറിന് പിന്നാലെ ഇസ്രയേൽ വിട്ടയച്ച ബന്ദികളുടെ മൊഴികൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിച്ച് മാറ്റിയ ശേഷം വിലങ്ങുകൾ അണിയിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് ഗാസയിലേക്ക് തിരിച്ചെത്തിയ ബന്ദികളിലൊരാൾ വിശദമാക്കിയത്. ഒറ്റപ്പെട്ട പീഡനങ്ങളല്ല നടന്നതെന്ന് വ്യക്തമാക്കുന്നതാണ് പിസിഎച്ച്ആറിന്റെ പുറത്ത് വന്ന കണക്ക്. ഇസ്രയേൽ സൈനിക ക്യാംപുകളിലും ജയിലുകളിലും അടയ്ക്കപ്പട്ടവർക്കാണ് കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നത്. കഴി‌‌ഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗാസ മുനമ്പിൽ നിന്ന് സ്ത്രീകൾ അടക്കമുള്ളവരേയാണ് ഇസ്രയേൽ കസ്റ്റഡിയിൽ എടുത്തത്. പലസ്തീനിൽ നടന്ന വംശഹത്യയുടെ ഭാഗമായാണ് ഇത്തരം പീഡനങ്ങളെന്നാണ് പിസിഎച്ച്ആ‍ർ ആരോപിക്കുന്നത്.

ഞെട്ടിക്കുന്ന പീഡനം വിവരിച്ച് 100ഓളം തടവുകാർ 

2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് കസ്റ്റഡിയിൽ എടുക്കപ്പെട്ട 42കാരി പിസിഎച്ചആറിന് നൽകിയ മൊഴി ഞെട്ടിക്കുന്നതാണ്. ഇസ്രയേൽ സൈനികരുടെ ലൈംഗിക പീഡനവും മർദ്ദനവും വൈദ്യുതി ആഘാതമേൽപ്പിച്ചതും അടക്കമുള്ള കൊടിയ പീഡനമാണ് 42കാരി നേരിടേണ്ടി വന്നത്. കസ്റ്റഡിയിൽ എടുത്ത് നാലാം ദിവസം കണ്ണ് മൂടിക്കെട്ടി 42കാരിയെ ഒരു മുറിയിലേക്ക് എത്തിച്ചു. മുറിയിൽ വച്ച് വസ്ത്രങ്ങൾ ഊരിമാറ്റാൻ ആവശ്യപ്പെട്ടു. പിന്നാലെ ഇരുമ്പ് മേശയിൽ കിടത്തി കൈകളിൽ വിലങ്ങുകൾ ഇട്ട ശേഷം ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു. പീഡന ശേഷം വസ്ത്രം പോലും ധരിക്കാൻ അനുവാദമില്ലാതെ മുറിയിൽ തുടരേണ്ടി വന്നു. വേദന സഹിക്കാൻ വയ്യാതെ നിലവിളിക്കുന്ന സമയത്ത് ക്യാമറയിൽ നിന്നുള്ള ശബ്ദങ്ങൾ കേട്ടിരുന്നുവെന്നും 42കാരി പറയുന്നത്. തനിക്ക് നേരിടേണ്ടി വന്ന പീഡനം വിശദമാക്കാൻ സാധിക്കാത്തതാണ്. ഓരോ നിമിഷവും താൻ മരിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായാണ് 42കാരി മൊഴി നൽകിയത്. ക്രൂരമർദ്ദനത്തോടെയായിരുന്നു പീഡനമെന്നും 42കാരി വിശദമാക്കി. മൂന്ന് ദിവസമാണ് 42കാരിക്ക് നിരവധി സൈനികരിൽ നിന്ന് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാവേണ്ടി വന്നത്. മൂന്നാം ദിവസം തനിക്ക് രക്തസ്രാവം നേരിട്ടതോടെയാണ് വസ്ത്രം ധരിക്കാനും മറ്റൊരു മുറിയിലേക്ക് മാറ്റാനും സൈനികർ അനുവദിച്ചതെന്നും 42കാരി പറയുന്നത്.

2024 മാർച്ചിൽ ഗാസ നഗരത്തിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 35കാരനും നേരിട്ടത് സമാനമായ പീഡനമാണെന്നും റിപ്പോർട്ട് വിശദമാക്കുന്നത്. 19 മാസം നീണ്ട തടങ്കൽ കാലത്തുടനീളം ക്രൂരമായ മർദ്ദനവും പീഡനവും നേരിട്ടുവെന്നാണ് 35കാരൻ വിശദമാക്കിയത്. പരിശീലനം നേടിയ നായയെ കൊണ്ടും തനിക്ക് പീഡനം നേരിടേണ്ടി വന്നു. സ്ദേ തെയ്മൻ സൈനിക ക്യാംപിലായിരുന്നു 35കാരനുണ്ടായിരുന്നത്. തടവുകാർക്ക് മേലെ നായയെ കയറ്റി നിർത്തി മൂത്രമൊഴിപ്പിക്കുക, നായയെ കൊണ്ട് ലൈംഗികാതിക്രമം ചെയ്യിക്കുക അടക്കമുള്ളവയാണ് 35കാരൻ നേരിടേണ്ടി വന്നത്. സൈനികർ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ക്രൂര മ‍ർദ്ദനത്തിൽ തലയിൽ പൊട്ടലുണ്ടായതോടെ അനസ്തേഷ്യ പോലും നൽകാതെ 7 തുന്നലിട്ടെന്നും 35കാരൻ ആരോപിക്കുന്നത്. നൂറിലേറെ ബന്ദികളുമായി സംസാരിച്ചാണ് പിസിഎച്ചആർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വനിതാ തടവുകാര്‍ മാത്രമല്ല പുരുഷന്‍മാരായ തടവുകാരെയും അതിക്രൂരമായ രീതിയില്‍ ഉപദ്രവിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. നായ്ക്കളെക്കൊണ്ടുപോലും ലൈംഗികമായി പീഡിപ്പിച്ചതിലൂടെ അവര്‍ ഞങ്ങളുടെ വിശ്വാസങ്ങളും പ്രതീക്ഷകളും എല്ലാം ഇല്ലാതാക്കിയെന്നും യുവാക്കള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ആയിരത്തോളം പലസ്തീനിയന്‍ തടവുകാര്‍ ഇപ്പോഴും ഇസ്രയേലി ഡിറ്റന്‍ഷന്‍ ക്യാംപുകളിലും ജയിലുകളിലും കഴിയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം