ഇന്ത്യൻ യാത്രക്കാരിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറിലധികം തടഞ്ഞുവെച്ചു. അരുണാചൽ ചൈനീസ് പ്രദേശമാണെന്ന് വാദിച്ച് പാസ്‌പോർട്ട് അസാധുവാണെന്ന് പറഞ്ഞായിരുന്നു നടപടി. സംഭവത്തിൽ ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി.
ദില്ലി: അരുണാചൽ പ്രദേശ് സ്വദേശിയായ ഇന്ത്യൻ യാത്രക്കാരിയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറിലധികം തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ നയതന്ത്ര പ്രതിഷേധം (Demarche) രേഖപ്പെടുത്തി. ബീജിംഗിലും ന്യൂഡൽഹിയിലുമായി ഒരേ ദിവസമാണ് ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കം നടന്നത്. നവംബർ 21-ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന പേം വാങ് തോങ്‌ഡോക് എന്ന യാത്രക്കാരിയാണ് ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടങ്കലിൽ ആയത്. മൂന്ന് മണിക്കൂർ മാത്രം നിശ്ചയിച്ചിരുന്ന ലേഓവറിനിടെയാണ് ഈ സംഭവം നടന്നത്.
ചൈനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തോങ്‌ഡോക്കിൻ്റെ ഇന്ത്യൻ പാസ്‌പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. അവരുടെ ജന്മസ്ഥലം അരുണാചൽ പ്രദേശ് ആയതിനാൽ അത് 'ചൈനീസ് പ്രദേശം' ആണ് എന്ന വിചിത്രമായ വാദമുയർത്തിയാണ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവെച്ചത്. "നവംബർ 21-ന് 18 മണിക്കൂറിലധികം എന്നെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. അരുണാചൽ പ്രദേശ് ചൈനീസ് പ്രദേശമാണെന്ന് അവർ അവകാശപ്പെടുകയും എൻ്റെ ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്ന് പറയുകയുമായിരുന്നു," എന്ന് തോങ്‌ഡോക് തൻ്റെ 'എക്സ് പോസ്റ്റിൽ കുറിച്ചു. ഈ പോസ്റ്റ് അതിവേഗം വൈറലാവുകയും ഇന്ത്യൻ അധികാരികളുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനും അനിശ്ചിതത്വത്തിനും ശേഷം അവർ ഇന്ത്യൻ കോൺസുലേറ്റിൽ അഭയം തേടി.
ഇന്ത്യയുടെ ശക്തമായ നയതന്ത്ര പ്രതികരണം
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഇന്ത്യ ശക്തമായ നയതന്ത്ര നടപടി സ്വീകരിച്ചു. ഇത്തരം കാരണങ്ങളുടെ പേരിൽ ഒരു യാത്രക്കാരിയെ തടഞ്ഞുവെക്കുന്നത് 'അസംബന്ധവും' അസ്വീകാര്യവുമാണ്' എന്ന് ഇന്ത്യ വ്യക്തമാക്കി. ബീജിംഗിലെ ചൈനീസ് സർക്കാരിനും ന്യൂഡൽഹിയിലെ ചൈനീസ് എംബസിക്കും ഇന്ത്യ ശക്തമായ നയതന്ത്ര പ്രതിഷേധക്കുറിപ്പും കൈമാറി. ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉടൻ തന്നെ പ്രാദേശിക അധികാരികളുമായി വിഷയം ചർച്ച ചെയ്യുകയും യാത്രികയ്ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തു. ട്രാൻസിറ്റ് യാത്രക്കാരെ സംബന്ധിച്ച ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണിതെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്നും, ഈ പെരുമാറ്റം വിശ്വാസപരമായ പുരോഗതിയെ തകർക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യ അറിയിച്ചു.


