ഇതിനോടകം തന്നെ പുതിയ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യാത്രക്കാർക്ക് വിമാനത്തിൽ വെച്ചുതന്നെ അറിയിപ്പ് നൽകുകയും ചെയ്യും.
അങ്കാറ: വിമാനം ലാന്റ് ചെയ്ത് പൂർണമായി നിർത്തുന്നതിന് മുമ്പ് സീറ്റ് ബെൽറ്റ് അഴിക്കുകയോ സീറ്റിന് മുകളിലെ കമ്പാർട്ട്മെന്റുകളിൽ നിന്ന് ബാഗുകൾ എടുക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടിയുമായി തുർക്കി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനും യാത്രക്കാരെ പുറത്തിറക്കുന്ന പ്രക്രിയ കൂടുതൽ വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിടുന്ന പുതിയ നിയമഭേദഗതി കഴിഞ്ഞ മാസം മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു.
യാത്രക്കാരിൽ നിന്ന് ലഭിച്ച പരാതികളും വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്സി ചെയ്യുന്ന സമയത്ത് ആളുകൾ എഴുന്നേൽക്കുകയും സാധനങ്ങൾ എടുക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന സുരക്ഷാ നിയമലംഘങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായ പരിശോധനാ റിപ്പോർട്ടുകളുടെയും ഫലമായാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് തുർക്കിഷ് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനം നിലംതൊട്ട ഉടനെ യാത്രക്കാർ എഴുന്നേൽക്കുന്നത് തുർക്കിയിൽ സാധാരണയാണത്രെ. ഇത് യാത്രക്കാരെ പുറത്തിറക്കുന്ന നടപടി സുഗമമല്ലാതാക്കുകയും ചെയ്യും.
പുതിയ അറിയിപ്പ് അനുസരിച്ച് വിമാനത്തിൽ യാത്രക്കാരെ കയറ്റിയ ശേഷം നൽകുന്ന അറിയിപ്പിൽ ഇക്കാര്യം വിശദീകരിക്കണം. സീറ്റിൽ നിന്ന് നിർദേശം കിട്ടാതെ എഴുന്നേൽക്കരുതെന്നും ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തി അധികൃതർക്ക് കൈമാറുമെന്നും യാത്രക്കാരെ വിമാനത്തിലെ അനൗൺസ്‍മെന്റിലൂടെ അറിയിക്കണമെന്ന് സർക്കുലറിൽ പറയുന്നു. വിമാനം നിന്നുകഴിഞ്ഞാൽ പുറത്തിറങ്ങാൻ തിരക്ക് കൂട്ടുന്നതിന് പകരം തൊട്ടുമുന്നിലുള്ള സീറ്റിലെ യാത്രക്കാർ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കണമെന്നും നിയമത്തിലുണ്ട്.
എന്നാൽ നിയമലംഘകർക്ക് എത്ര തുകയായിരിക്കും പിഴ ചുമത്തുകയെന്ന കാര്യത്തിൽ സർക്കുലറിൽ പരാമർശമില്ല. എന്നാൽ തുർക്കിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 70 ഡോളറായിരിക്കും (ആറായിരത്തോളം ഇന്ത്യൻ രൂപ) പിഴ എന്നാണ് റിപ്പോർട്ട്. യാത്രക്കാരിൽ നിന്ന് ഇത്തരത്തിൽ പിഴ ഈടാക്കിത്തുടങ്ങിയോ എന്ന കാര്യത്തിലും വ്യക്തതയില്ല.


