ദീർഘദൂര മിസൈലുകളുടെ ഉപയോഗത്തിൽ അന്തിമ അധികാരം യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനാണ്. 

 വാഷിംഗ്ടൺ: യു.എസ്. മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിൽ നിന്ന് യുക്രെയ്നെ പെൻ്റഗൺ തടയുന്നതായി റിപ്പോർട്ട്. യുക്രെയ്‌നിന് നൽകിയ ദീർഘദൂര ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റംസ് റഷ്യക്കകത്തുള്ള സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഉപയോഗിക്കുന്നതിനാണ് യു.എസ്. രഹസ്യമായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും യുക്രെയ്ൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇത് തടസ്സമാകുന്നുവെന്ന് ആണു റിപ്പോർട്ട്.

ഈ ദീർഘദൂര മിസൈലുകളുടെ ഉപയോഗത്തിൽ അന്തിമ അധികാരം യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനാണ്. 

മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയെങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. അടുത്തിടെ നടന്ന സമാധാന ചർച്ചകളിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനെയും യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയെയും ട്രംപ് ഉൾപ്പെടുത്തിയെങ്കിലും ആ ശ്രമങ്ങളും പരാജയപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യക്കെതിരെ സാമ്പത്തിക ഉപരോധങ്ങളോ താരിഫുകളോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.