യുഎസ് ആണവ മുങ്ങിക്കപ്പലിന്റെ ടോർപ്പിഡോ ആക്രമണത്തിൽ ഇറാന്റെ ഐറിസ് ദേന എന്ന യുദ്ധക്കപ്പൽ തകർന്നതിന് പിന്നാലെ മറ്റൊരു സൈനിക ടാങ്കറായ 'ബുഷെഹറി'ലും ആശങ്ക പടരുകയാണ്.

കൊളംബോ: ഇറാന്റെ ഐറിസ് ദേന എന്ന യുദ്ധക്കപ്പൽ യുഎസ് ആണവ മുങ്ങിക്കപ്പലിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലൂടെ തകർത്തതിന് പിന്നാലെ വീണ്ടും ഭയപ്പാടിൽ മറ്റൊരു കപ്പൽ കൂടി. കൊളംബോ തുറമുഖത്തിന് 10 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ സൈനിക ടാങ്കറായ 'ബുഷെഹറി'ലേക്കാണ് ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ആണവ ആക്രമണ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച 20 നോട്ടിക്കൽ മൈൽ പരിധിയുള്ള ടോർപ്പിഡോ മിസൈൽ ഉപയോഗിച്ചാണ് അമേരിക്കയുടെ വിർജീനിയ ക്ലാസ് എസ്എസ്എൻ സബ്മറൈൻ ഐറിസ് ദേനയെ മുക്കിയത്.

ആക്രമിക്കപ്പെടുമ്പോൾ രാജ്യാന്തര സമുദ്ര മേഖലയിലായിരുന്നു ഐറിസ് ദേന നങ്കൂരമിട്ടിരുന്നത്. എന്നാൽ, നിലവിൽ കൊളംബോ തുറമുഖത്തിന് 10 നോട്ടിക്കൽ മൈൽ അതായത് ഏകദേശം 18 കിലോമീറ്റർ മാത്രം അകലെയാണ് ബുഷെഹർ നങ്കൂരമിട്ടിരിക്കുന്നത്. ശ്രീലങ്കയുടെ ജലപരിധിക്കുള്ളിലാണ് ബുഷെഹർ. ഇതിനെയും യുഎസ് ആക്രമിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിടാൻ ഇറാൻ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ സമുദ്രത്തിലേയ്ക്കും നീണ്ടത്. ഐറിസ് ദേന ഉൾപ്പെടെ 17 യുദ്ധക്കപ്പലുകളെയും റഷ്യൻ നിർമ്മിത കിലോ ക്ലാസ് അന്തർവാഹിനികളെയും തകർത്തെന്ന് യുഎസ് നേവി അവകാശപ്പെട്ടിരുന്നു. യുദ്ധക്കപ്പലുകളിൽ നിന്നും ടാങ്കറുകളിൽ നിന്നും കാമികാസി ഡ്രോണുകൾ ഉപയോഗിച്ച് കപ്പലുകളെ ഇറാൻ ലക്ഷ്യമിട്ടതോടെയാണ് ഐറിസ് ദേനയ്ക്ക് നേരെയും ആക്രമണമുണ്ടായത്.