Asianet News MalayalamAsianet News Malayalam

വാങ്ങിയപ്പോള്‍ പട്ടി, വളര്‍ന്നപ്പോഴാണ് മനസിലായത് കുറുക്കനെന്ന്; ഒരു കുടുംബം കുടുങ്ങിയത് ഇങ്ങനെ

 'സൈബീരിയന്‍ ഹസ്കി'യുടെ രൂപം അപ്പാടെ മാറി. മെലിഞ്ഞ കാലുകളും കൂര്‍ത്ത മുഖവുമായി മാറി. അധികം വൈകാതെ താന്‍ വളര്‍ത്തിയത് ഒരു  'ആന്‍ഡിയന്‍ ഫോക്സി'നെയാണ് എന്ന് മാരിബെല്‍ മനസിലാക്കി. 

Peruvian family buys husky, turns out to be Andean fox
Author
Lima, First Published Nov 19, 2021, 11:25 AM IST

ലീമ: പെറുവിലെ ലീമയില്‍ താമസിക്കുന്ന മരിബെല്‍ സൊറ്റെലയ്ക്കും കുടുംബത്തിനും, തങ്ങള്‍ക്കൊപ്പം വളര്‍ത്താന്‍ ഒരു അരുമ മൃഗത്തെ വേണം എന്ന് തീരുമാനിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. അങ്ങനെ ലീമയിലെ ഒരു വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും 13 ഡോളറിന് ഒരു 'സൈബീരിയന്‍ ഹസ്കിയെ' വാങ്ങിയത്. റണ്‍ റണ്‍ എന്നാണ് വീട്ടുകാര്‍ അതിന് പേരിട്ടത്. എന്നാല്‍ അവരെ ആ കടക്കാരന്‍ പറ്റിച്ചതായിരുന്നു ശരിക്കും അതൊരു കുറുക്കന്‍ കുഞ്ഞായിരുന്നു.

വാങ്ങിയ സമയത്ത്  'സൈബീരിയന്‍ ഹസ്കി'യുടെ സ്വഭാവ വിശേഷങ്ങള്‍ ഈ കുറുക്കന്‍ കുഞ്ഞിന് ഉണ്ടായിരുന്നു. എന്നാല്‍ വളര്‍ന്നപ്പോഴാണ് ആപത്ത് മനസിലായത് അയല്‍വക്കങ്ങളിലെ കോഴികളെയും താറാവിനെയും ഒന്നും 'റണ്‍ റണ്‍' വെറുതെവിടുന്നില്ല. അവയെ പലതിനെയും ഇവന്‍ ശാപ്പാടാക്കി. ഇതോടെ അയല്‍വാസികള്‍ സ്ഥിരമായി മരിബെല്‍ കുടുംബത്തോട് പരാതി പറയാന്‍ തുടങ്ങി.

അല്‍പ്പം കൂടി 'റണ്‍ റണ്‍' വളര്‍ന്നപ്പോഴാണ് കാര്യം പിടികിട്ടിയത്.  'സൈബീരിയന്‍ ഹസ്കി'യുടെ രൂപം അപ്പാടെ മാറി. മെലിഞ്ഞ കാലുകളും കൂര്‍ത്ത മുഖവുമായി മാറി. അധികം വൈകാതെ താന്‍ വളര്‍ത്തിയത് ഒരു  'ആന്‍ഡിയന്‍ ഫോക്സി'നെയാണ് എന്ന് മാരിബെല്‍ മനസിലാക്കി. സമീപത്തുള്ള ഒരു സ്ത്രീയുടെ മൂന്ന് ഗിനിപന്നികളെ റണ്‍ റണ്‍ തിന്നതോടെ കാര്യം ഗൗരവമുള്ളതായി. അതിന് പുറമേ കുറുക്കന്‍ വരുത്തുന്ന നഷ്ടങ്ങള്‍ക്ക് എല്ലാം ഉത്തരം പറയുകയും, നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യുക എന്നത്   മരിബെല്ലിന്‍റെ പണിയായി. 

അതിനിടെയാണ് ആറ് മാസം മുന്‍പ് സ്വന്തം പേര് പോലെ തന്നെ 'റണ്‍ റണ്‍' വീട്ടില്‍ നിന്നും ഓടിപ്പോയി. അതുവരെ ഇത് പട്ടിയെപ്പോലെ തന്നെ പെരുമാറിയെന്നാണ്  മരിബെല്‍ പറയുന്നത്. എന്തായാലും ആറുമാസത്തിന് ശേഷം പെറുവിലെ സെന്‍ഫോര്‍ വൈല്‍ഡ് ലൈഫ് സര്‍വീസ് നഗരപ്രാന്തത്തില്‍ നിന്നും റണ്‍ റണ്ണിനെ കണ്ടെത്തി കൂട്ടിലാക്കി. ഇപ്പോള്‍ റണ്‍ റണ്‍ പാര്‍ക്യൂ ഡി ലാസ് ലെയെന്‍ഡാസ് മൃഗശാലയിലാണ്. 

അതേ സമയം ആമസോണ്‍ കാടുകളില്‍ നിന്നും വന്യമൃഗങ്ങളെ പിടികൂടി പെറുവിലെ നഗര പ്രദേശങ്ങളില്‍ വില്‍ക്കുന്ന മാഫിയ സംഘങ്ങള്‍ സജീവമാണ് എന്നാണ് വന്യജീവി വകുപ്പ് പറയുന്നത്. ഇത്തരം മാഫിയയുടെ കയ്യില്‍ നിന്നാകാം  മരിബെല്‍ കുറുക്കനെ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം മാത്രം പെറുവില്‍ അനധികൃതമായ വന്യജീവി വില്‍പ്പനയില്‍ 125 ഒളം കേസുകള്‍ റജിസ്ട്രര്‍ ചെയ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios