ആറടിയിലേറെ ഉയരമുള്ള മതിലിന് മുകളിലൂടെയാണ് സിംഹം തെരുവിലേക്ക് എത്തിയത്. ഭയന്ന് ഓടിയ സ്ത്രീയേയും അഞ്ചും ഏഴും വയസുള്ള കുട്ടികളേയുമാണ് സിംഹം ആക്രമിച്ചത്.
ലാഹോർ: തിരക്കേറിയ നിരത്തിൽ യുവതിയേയും രണ്ട് മക്കളേയും ആക്രമിക്കാൻ ശ്രമിച്ച് സിംഹം. പാകിസ്ഥാനിലെ ലാഹോറിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹമാണ് മതിൽ ചാടി നിരവധി ആളുകളുള്ള തെരുവിലേക്ക് എത്തിയത്. ആറടിയിലേറെ ഉയരമുള്ള മതിലിന് മുകളിലൂടെയാണ് സിംഹം തെരുവിലേക്ക് എത്തിയത്. ഭയന്ന് ഓടിയ സ്ത്രീയേയും അഞ്ചും ഏഴും വയസുള്ള കുട്ടികളേയുമാണ് സിംഹം ആക്രമിച്ചത്. ഇവർക്ക് സിംഹത്തിന്റെ ആക്രമണത്തിൽ സാരമായ പരിക്കുകളേറ്റിട്ടുണ്ട്.
തെരുവിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. സിംഹത്തിന്റെ ഉടമ വളർത്തുമൃഗം ആളുകളെ ആക്രമിക്കുന്നത് കണ്ട് ആസ്വദിച്ചതായാണ് ദൃക്സാക്ഷികൾ ആരോപിക്കുന്നത്. സംഭവത്തിൽ സിംഹത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരാണ് അലക്ഷ്യമായി സിംഹത്തെ കൈകാര്യം ചെയ്തതിന് അറസ്റ്റിലായത്. 11മാസം പ്രായമുള്ള ആൺ സിംഹമാണ് ആളുകളെ ആക്രമിച്ചത്. സിംഹത്തിന്റെ ഉടമകളെ 12 മണിക്കൂറിനുള്ളിൽ അറസ്റ്റിലായതായാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കിയത്. സിംഹത്തെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇതിനെ ലാഹോറിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
അറസ്റ്റിലായവർ സൂക്ഷിച്ചിരുന്ന മറ്റ് മൃഗങ്ങൾ സുരക്ഷിതരാണെന്നും പൊലീസ് വിശദമാക്കി. പഞ്ചാബ് പ്രവിശ്യയിൽ സിംഹങ്ങളെ ഓമന മൃഗങ്ങളാക്കി വളർത്തുന്നത് അധികാരത്തിന്റെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്. 2024 ഡിസംബറിൽ ഉടമസ്ഥനിൽ നിന്ന് രക്ഷപ്പെട്ട സിംഹം നടുറോഡിൽ ഇറങ്ങി ആളുകൾക്കിടയിൽ വലിയ രീതിയിൽ ഭീതി സൃഷ്ടിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെ സിംഹത്തെ വളർത്താനുള്ള നിയമം കൂടുതൽ കർക്കശമാക്കിയിരുന്നു. പത്ത് ഏക്കറിലധികം സ്ഥലമുള്ളവർക്ക് മാത്രമാണ് സിംഹത്തെ ഇണചേർക്കാൻ ലൈസൻസ് ലഭിക്കുക. ജനവാസ മേഖലയിലെ വീടുകളിൽ സിംഹങ്ങളെ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണ്.
സിംഹങ്ങളെ ഇറക്കുമതി ചെയ്ത ശേഷം ഇണ ചേർത്ത് പ്രത്യുൽപാദനം നടത്തുന്നതാണ് പാകിസ്ഥാനിലെ പതിവ് രീതി. രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ സിംഹങ്ങളെ കൊണ്ടുവരുന്നത് സർക്കാർ ഇതിനോടകം വിലക്കിയിട്ടുണ്ട്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം