ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം എയ്‌ഡ്‌സ്‌ രോഗബാധിതരായത്‌ നാനൂറിലധികം കുട്ടികള്‍. അണുബാധയുള്ള സിറിഞ്ചുകള്‍ ഇഞ്ചക്ഷന്‌ ഉപയോഗിച്ചതാണ്‌ രോഗം പടരാന്‍ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. അതേസമയം, താന്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌ കുറ്റാരോപിതനായ ഡോ.മുസാഫര്‍ ഘാംഗ്രോ.ഇയാള്‍ ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌.

സിന്ധ്‌ പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിലാണ്‌ എയ്‌ഡ്‌സ്‌ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുന്നത്‌. ഇവിടെ പീഡിയാട്രീഷനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫര്‍. ഇയാള്‍ക്ക്‌ പ്രദേശത്തെ ക്രിമിനലുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും ആരോപണമുണ്ട്. എച്ച്‌ഐവി ബാധ പടര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ പരിശോധനയ്‌ക്കായി ദിനംപ്രതി നൂറുകണക്കിന്‌ മാതാപിതാക്കളാണ്‌ കുട്ടികളുമായി വസായോയിലെ ആശുപത്രികളിലേക്ക്‌ എത്തുന്നത്‌. ഒരു കുടുംബത്തിലെ അഞ്ച്‌ കുട്ടികള്‍ രോഗബാധിതരായതായും റിപ്പോര്‍ട്ടുകളുണ്ട്‌.

പാകിസ്‌താനില്‍ 60,0000 വ്യാജഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ യുണൈറ്റഡ്‌ നേഷന്‍സ്‌ പ്രോഗ്രാം ഓണ്‍ എയ്‌ഡ്‌സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതില്‍ത്തന്നെ 27,000 പേര്‍ സിന്ധ്‌ പ്രവിശ്യയിലാണുള്ളത്‌. പണം ലാഭിക്കാന്‍ വേണ്ടി ഒരേ സിറിഞ്ച്‌ നിരവധി രോഗികളില്‍ ഉപയോഗിക്കുന്നതാണ്‌ എച്ച്‌ഐവി ബാധ ഇതുപോലെ വര്‍ധിക്കാന്‍ കാരണമെന്ന്‌ സിന്ധ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ പ്രോഗ്രാം മാനേജര്‍ സിക്കന്ദര്‍ മേമന്‍ പറഞ്ഞു.

മയക്കുമരുന്ന്‌ ഉപയോഗവും ലൈംഗികവ്യാപാരവും വന്‍തോതില്‍ വര്‍ധിച്ചതോടെ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടെ പാകിസ്‌താനില്‍ എയ്‌ഡ്‌സ്‌ രോഗം വ്യാപകമായതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 2017ല്‍ മാത്രം 20,000 പേര്‍ രോഗബാധിതരായാതായാണ്‌ റിപ്പോര്‍ട്ട്‌. എച്ച്‌ഐവി നിരക്ക്‌ ഏറ്റവും കൂടിയ രണ്ടാമത്തെ ഏഷ്യന്‍ രാജ്യമാണ്‌  പാകിസ്‌താന്‍.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.