ഷാർജയിൽ നിന്നും പാകിസ്താനിലേക്ക് പറന്ന കെ2 എയർവേയ്‌സിന്റെ ബോയിംഗ് 737 കാർഗോ വിമാനം അഞ്ച് ജീവനക്കാരുമായി കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ തകർന്നു വീണു. നാവിഗേഷൻ സിസ്റ്റം തകരാറിലായെന്നും നിയന്ത്രണം നഷ്ടപ്പെട്ടെന്നും പൈലറ്റ് അറിയിച്ചതിന് പിന്നാലെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കറാച്ചി: യുഎഇയിലെ ഷാർജ വിമാനത്താവളത്തിൽ നിന്നും അഞ്ച് ജീവനക്കാരുമായി പാകിസ്താനിലേക്ക് പറന്ന കെ2 എയർവേയ്‌സിന്റെ ബോയിംഗ് 737 കാർഗോ വിമാനമാണ് കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ തകർന്നുവീണത്. ചൊവ്വാഴ്ച വൈകിട്ടോടെ റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമായതിനെത്തുടർന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി പ്രത്യേക തിരച്ചിൽ ദൗത്യം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദുരന്തത്തിൽ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ആഴമായ ദുഃഖവും ഖേദവും രേഖപ്പെടുത്തുകയും ജീവനക്കാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. തിരച്ചിലിനായി എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ അദ്ദേഹം സിവിൽ ഏവിയേഷൻ, നേവി, എയർഫോഴ്സ് അധികൃതർക്ക് നിർദ്ദേശം നൽകി.
കറാച്ചിയിലേക്ക് അടുക്കുന്നതിനിടെ പ്രാദേശിക സമയം രാത്രി 9:18 ഓടെയാണ് വിമാനത്തിൽ നാവിഗേഷൻ സിസ്റ്റം തകരാർ ഉള്ളതായി പൈലറ്റുമാർ കറാച്ചി ഏരിയ കൺട്രോൾ സെന്ററിനെ അറിയിച്ചത്. തുടർന്ന് രാത്രി 9:21 ഓടെ കറാച്ചിക്ക് 155 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ച് വിമാനവുമായുള്ള ആശയവിനിമയം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. വിമാനം റഡാറിൽ വളരെ വേഗത്തിൽ താഴേക്ക് പതിക്കുന്നതായും പെട്ടെന്ന് ദിശ മാറുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കറാച്ചി എസിസിക്ക് പൈലറ്റുമാർ നൽകിയ അവസാന റേഡിയോ സന്ദേശം ഞങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങുകയാണ്. അതിവേഗം താഴേക്ക് നീങ്ങുന്നു എന്നുമായിരുന്നുവെന്ന് ഫ്ലൈറ്റ് റെക്കോർഡുകൾ വ്യക്തമാക്കുന്നു.
ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റഡാർ24 പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിമാനത്തിന് ആദ്യം ഉയരം നഷ്ടപ്പെടുകയും പിന്നീട് ചെറിയ രീതിയിൽ ഉയർന്ന ശേഷം രണ്ടാമതും കുത്തനെ താഴേക്ക് പതിക്കുകയുമാണുണ്ടായത്. അവസാന സിഗ്നൽ ലഭിക്കുമ്പോൾ വിമാനം 1100 അടി ഉയരത്തിലായിരുന്നു. മിനിറ്റിൽ 22400 അടി എന്ന വേഗതയിലാണ് വിമാനം താഴേക്ക് പതിച്ചുകൊണ്ടിരുന്നത്. ഷാർജയിൽ നിന്ന് പുറപ്പെട്ട ഉടൻ തന്നെ വിമാനത്തിന്റെ ജിഎൻഎസ്എസ് സിഗ്നലുകളിൽ തടസ്സങ്ങൾ നേരിട്ടിരുന്നതായും ഇത് ട്രാക്കിംഗ് കൃത്യതയെ ബാധിച്ചതായും റിപ്പോർട്ടുണ്ട്. വിമാനം തകർന്നുവീഴാനുള്ള സാധ്യതയിലേക്കാണ് ലഭ്യമായ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്. എഞ്ചിൻ തകരാർ സംഭവിച്ചാൽ പോലും വിമാനങ്ങൾ സാധാരണ ഗതിയിൽ ഗ്ലൈഡ് ചെയ്യാറാണ് പതിവെന്നും ഇത്തരത്തിൽ കുത്തനെ താഴേക്ക് പതിക്കാറില്ലെന്നും വ്യോമയാന വിദഗ്ദ്ധൻ ഇമ്രാൻ അസ്ലം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
സുൽഫിഖര്‍ സംഭവ സ്ഥലത്തേക്ക്
ജീവനക്കാരെയും കണ്ടെത്തുന്നതിനായി പാകിസ്താൻ നാവികസേന തങ്ങളുടെ യുദ്ധക്കപ്പലായ പിഎൻഎസ് സുൽഫിക്കറിനെ അപകട മേഖലയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ പാകിസ്താൻ വ്യോമസേനയുടെയും നാവികസേനയുടെയും വിമാനങ്ങളും പാകിസ്താൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷന്റെ വ്യാപാരി കപ്പലുകളും കടലിൽ തിരച്ചിലിനായി രംഗത്തുണ്ട്. 1999-ൽ നിർമ്മിച്ച ഈ ബോയിംഗ് 737 വിമാനം ആദ്യകാലങ്ങളിൽ യാത്രാവിമാനമായാണ് ഉപയോഗിച്ചിരുന്നതെന്നും 2012-ലാണ് ഇത് കാർഗോ വിമാനമാക്കി മാറ്റിയതെന്നും വ്യോമയാന രേഖകൾ വ്യക്തമാക്കുന്നു.


