221 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായിരുന്നു സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിളക്കുകാലിൽ തട്ടിയതിന് പിന്നാലെ വിമാനം ഒരു ട്രാക്ടർ ട്രെയിലറും ഇടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ന്യൂജേഴ്സി:ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെ വിമാനം തട്ടിയിട്ട ഇരുമ്പ് തൂൺ പതിച്ചത് സമീപത്തെ റോഡിലുള്ള ട്രെക്കിന് മുകളിലേക്ക്. അമേരിക്കയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇറ്റലിയിലെ വെനീസിൽ നിന്ന് നെവാർക്കിലേക്ക് എത്തിയ യുണൈറ്റഡ് എയർലൈനിന്റെ 767-400 ബോയിംഗ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ വിളക്കുകാലിൽ തട്ടിയത്. ഒടിഞ്ഞ വിളക്കുകാൽ സമീപ റോഡിലുണ്ടായിരുന്ന ട്രെക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. 221 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായിരുന്നു സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിളക്കുകാലിൽ തട്ടിയതിന് പിന്നാലെ വിമാനം ഒരു ട്രാക്ടർ ട്രെയിലറും ഇടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ട്രെക്ക് ഡ്രൈവർക്ക് പരിക്കേറ്റതല്ലാതെ മറ്റ് അപകടങ്ങളില്ല. വിമാനത്തിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാനായി എത്തിയ ട്രെക്ക് ഡ്രൈവർക്കാണ് പരിക്കേറ്റത്.

Add Asianetnews as a Preferred SourcegooglePreferred

ഈ റൂട്ട് അങ്ങേയറ്റം അപകടകരമാണെന്ന് വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിമാനം ഏതാനും അടി കൂടി താഴ്ന്നിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് സുരക്ഷാ വിദഗ്ധനായ സ്റ്റീവ് അറോയോ പറഞ്ഞു. വിമാനം അഞ്ചോ പത്തോ അടി കൂടി താഴെയായിരുന്നെങ്കിൽ അത് ഹൈവേയിലെ വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുമായിരുന്നു. നെവാർക്ക് വിമാനത്താവളത്തിലെ റൺവേ 29ലേക്കുള്ള വിമാനങ്ങളുടെ ലാൻഡിംഗ് പാത ഹൈവേയ്ക്ക് തൊട്ടുമുകളിലൂടെയായതിനാൽ ഈ ഭാഗം ഡ്രൈവർമാർക്കും പൈലറ്റുമാർക്കും ഒരുപോലെ പേടിസ്വപ്നമാണ്. സാധാരണയായി കനത്ത കാറ്റുള്ളപ്പോഴാണ് വിമാനത്താവളത്തിലെ ഏറ്റവും ചെറിയ റൺവേയായ റൺവേ 29 ഉപയോഗിക്കുന്നത്. അപകടം നടന്ന സമയത്ത് മണിക്കൂറിൽ 31 മൈൽ വേഗതയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു.

വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഇടിച്ച് ട്രക്ക് മറിഞ്ഞതായും വിമാനത്തിന്റെ വശത്ത് വലിയ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വിശദമാക്കുന്നത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഈ സംഭവത്തെ ഒരു അപകടമായി കണക്കാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റുമാർക്ക് സംഭവിച്ച പിഴവാണോ അതോ മോശം കാലാവസ്ഥയാണോ ഇതിന് കാരണമെന്ന് അധികൃതർ പരിശോധിച്ച് വരികയാണ്. മുൻകരുതൽ നടപടിയായി വിമാനത്തിലെ പൈലറ്റുമാരെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം