ദില്ലി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങും ഇന്ന് വീണ്ടും മുഖാമുഖം. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ഇരുനേതാക്കളും കാണുക.

ആഗോള സ്ഥിരത, സുരക്ഷാ സഹകരണം, വളര്‍ച്ച എന്നിവയാണ് പന്ത്രണ്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയം. ലോക ജനസംഖ്യയുടെ പകുതിയും ഉള്‍പ്പെടുന്ന ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങള്‍.

കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ മഹാമാരിയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍, വ്യാപാരം, ആരോഗ്യം, ഊര്‍ജ്ജം എന്നിവ ചര്‍ച്ചയാവുമെന്ന് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനത്തുള്ള റഷ്യ അറിയിച്ചിരുന്നു.

ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പരസ്പര സഹകരണമഭ്യര്‍ഥിക്കുമെന്നാണ് സൂചന. ചൈനയുടെ വെട്ടിപ്പിടിക്കല്‍ നയത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ ഇക്കാര്യം ഉന്നയിക്കുമോ എന്നും ഉറ്റു നോക്കപ്പെടുന്നുണ്ട്.