Asianet News MalayalamAsianet News Malayalam

ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങി. നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും വേദിയിൽ

നരേന്ദ്രമോദിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഉച്ചകോടി വേദിയിൽ തന്നെ അതിന് തുടക്കം കുറിക്കാമെന്നും പാക് പ്രധാനമന്ത്രി. രാജ്യാന്തര പ്രശ്നപരിഹാര ചര്‍ച്ചയല്ല പകരം ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരമാണ് ആവശ്യമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. 

pm narendra Modi and pak pm Imran khan in Bishkek no exchange of pleasantries
Author
Shanghai, First Published Jun 14, 2019, 11:15 AM IST

കിര്‍ഗിസ്താൻ: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടിലും ഇമ്രാൻഖാനെ അഭിവാദ്യം ചെയ്യാൻ നരേന്ദ്രമോദി തയ്യാറായില്ല. ഇന്നലെ നടന്ന അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്. 

അതേസമയം കശ്മീര്‍ അടക്കമുള്ള പ്രശ്നങ്ങളിൽ ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന്‌ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് രാജ്യാന്തര ചര്‍ച്ചയിലൂടെ പരിഹാരം കാണണം. നരേന്ദ്രമോദിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ചര്‍ച്ചക്ക് വേണമെങ്കിൽ ഉച്ചകോടി വേദിയിൽ തന്നെ അതിന് തുടക്കം കുറിക്കാം എന്നും റഷ്യൻ വാര്‍ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. 

എന്നാൽ ഭീകരവാദത്തിനെതിരെ ഇന്ത്യ മുന്നോട്ട് വച്ച നിലപാടിനെ കുറിച്ച് അഭിപ്രായം പറയാൻ ഇമ്രാൻ ഖാൻ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യാന്തര മധ്യസ്ഥതയിൽ ചര്‍ച്ചയാകാമെന്ന പാക് നിര്‍ദ്ദേശം ഇന്ത്യക്ക് സ്വീകാര്യമല്ല. മാത്രമല്ല ചര്‍ച്ചക്കുള്ള സാഹചര്യം പാകിസ്താൻ ഇതുവരെ ഒരുക്കിയിട്ടില്ല. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ളത്. അതിൽ രാജ്യാന്തര ചര്‍ച്ചയുടെയോ മധ്യസ്ഥതയുടേയോ ആവശ്യം ഇല്ലെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. 

ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിൻ, അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘനി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി വേണമെന്ന നിലപാട് ഉച്ചകോടിയിലും ഇന്ത്യ ആവര്‍ത്തിത്തിക്കും. 
 


 

Follow Us:
Download App:
  • android
  • ios