Asianet News MalayalamAsianet News Malayalam

സീറോ കൊവിഡ് നിയന്ത്രണം ; ചൈനയില്‍ ഐഫോൺ കമ്പനിയില്‍ പൊലീസും തൊഴിലാളികളും ഏറ്റുമുട്ടി

രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കമ്പനി തങ്ങളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും എന്നാല്‍ ഈ സമയം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ തരാന്‍ കമ്പനി തയ്യാറായില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു. 

police and workers clashed at foxconn iphone company in zhengzhou
Author
First Published Nov 23, 2022, 3:32 PM IST

ഷെങ്ഷൗ:  ചൈനയിലെ സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ചൈനീസ് നഗരമായ ഷെങ്‌ഷൗവിലെ ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിലാണ് ശക്തമായ പ്രതിഷേധം രൂപപ്പെട്ടത്. പ്രതിഷേധത്തിന്‍റെ നിരവധി വീഡിയോകളാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഐഫോൺ ഫാക്ടറിയിൽ നൂറുകണക്കിന് തൊഴിലാളികൾ മാർച്ച് ചെയ്യുന്നത് വീഡിയോകളില്‍ കാണാം. ജനങ്ങളും പൊലീസും ചില ഇടങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചെന്നും പലരേയും മര്‍ദ്ദിച്ചതായും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ പറഞ്ഞു. ചില വീഡിയോകളില്‍ സ്ത്രീകളെ അടക്കം തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതും കൈയും കാലും കെട്ടിയിട്ടശേഷം തലയ്ക്ക് ചവിട്ടി പിടിച്ചിരിക്കുന്ന പിപിഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥരെയും കാണാം. 

നഗരത്തില്‍ ഒരു കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയാല്‍ ആ നഗരം മുഴുവനായും അടച്ചുപൂട്ടുന്നതാണ് ചൈനയുടെ സീറോ കൊവിഡ് പദ്ധതി. ഇങ്ങനെ അടച്ച് പൂട്ടപ്പെടുന്ന നഗരങ്ങളിലേക്കുള്ള അടിസ്ഥാന സാധനങ്ങളുടെ വിതരണം പോലും പലപ്പോഴും നിലയ്ക്കുന്നതായി ജനങ്ങളും പരാതിപ്പെടുന്നു. കഴിഞ്ഞ മാസം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ഫോക്‌സ്‌കോൺ സൈറ്റ് പൂട്ടിയിട്ടിരുന്നു. തൊഴിലാളികളെ നിര്‍ബന്ധപൂര്‍വ്വം വീടുകളിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  അന്നും ഫാക്ടറിയില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് കൊവിഡ് രോഗബാധയില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കൂടുതല്‍ ബോണസ് വാഗ്ദാനം ചെയ്ത് കമ്പനി പുതിയ തൊഴിലാളികളെ നിയമിച്ചു. എന്നാല്‍, പുതിയ പ്രശ്നങ്ങളെ കുറിച്ച് ഫോക്‌സ്‌കോൺ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരു ലൈവ് സ്ട്രീമിംഗ് സൈറ്റിൽ പങ്കിട്ട വീഡിയോയില്‍ തൊഴിലാളികൾ, "ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കൂ ! ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കൂ !"  എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ മറ്റ് തൊഴിലാളികൾ വടി ഉപയോഗിച്ച് നിരീക്ഷണ ക്യാമറകളും ജനലുകളും തകർക്കുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പല വീഡിയോകളിലും കമ്പനിയില്‍ നിന്നും ലഭിച്ച ഭക്ഷണത്തെ കുറിച്ച് തൊഴിലാളികള്‍ പരാതിപ്പെട്ടു.  വാഗ്ദാനം ചെയ്തത് പോലെ ബോണസ് ലഭിച്ചില്ലെന്നും തൊഴിലാളികള്‍ പറയുന്നു. രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കമ്പനി തങ്ങളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും എന്നാല്‍ ഈ സമയം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ തരാന്‍ കമ്പനി തയ്യാറായില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു. 

"അവർ ഞങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ, ഞങ്ങൾ പോരാട്ടം തുടരും." എന്നായിരുന്നു തൊഴിലാളികള്‍ പറഞ്ഞത്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ഫാക്സ്കോണിന്‍റെ പ്ലാന്‍റില്‍ കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തായ്‌വാനീസ് സ്ഥാപനമായ ഫോക്‌സ്‌കോൺ ആപ്പിളിന്‍റെ പ്രധാന ഉപകരാറുകാരനാണ്. ഫോക്‌സ്‌കോണിന്‍റെ  ഷെങ്‌ഷൂവിനെ ഐഫോണ്‍ പ്ലാന്‍റ് ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ പ്ലാന്‍റുകളിലൊന്നാണ്. ഏറ്റവും കൂടുതല്‍ ഐഫോണുകള്‍ സംയോജിപ്പിക്കുന്നത് ഇവിടെയാണ്. സംഘര്‍ഷത്തിനിടെ നിരവധി തൊഴിലാളികള്‍ പ്ലാന്‍റ് ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios