ഫുട്ബോൾ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും വിശദമായി പഠിച്ചാണ് വീടുകളുടെ വിവരങ്ങൾ സംഘം ശേഖരിച്ചിരുന്നത്. വീട്ടിൽ ആളില്ലാത്ത സമയം കണ്ടെത്താനും സമൂഹമാധ്യമങ്ങളാണ് മോഷ്ടാക്കളെ സഹായിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്

മാഡ്രിഡ്: ഫുട്ബോൾ താരങ്ങളുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ആറ് പേർ പിടിയിൽ. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. കൊളംബിയൻ താരമായ റാഡാമെൽ ഫാൽകോ, ബ്രസീൽ താരമായ റോഡ്രിഗോ സിൽവ ഡേ ഗോസ് എന്നിവരുടെ വീടുകൾ അടക്കമാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. സ്ത്രീകൾ അടക്കമുള്ള സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ആഡംബര വാച്ചുകൾ, ആഭരണങ്ങൾ, പണം, പിസ്റ്റളുകൾ എന്നിവയടക്കമുള്ള വസ്തുക്കളാണ് അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന മോഷ്ടാക്കളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. മാഡ്രിഡിനും പരിസരത്തുമുള്ള ആഡംബര വസതികളായിരുന്നു സംഘം ലക്ഷ്യമിട്ടത്. 2022 ജൂലൈ മുതൽ ഇത്തരം മോഷണങ്ങൾ പതിവാക്കിയ സംഘമാണ് ഒടുവിൽ പിടിയിലായത്. ഫുട്ബോൾ താരങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ദീർഘകാലത്തോളം നിരീക്ഷിച്ച് വിശകലനം ചെയ്താണ് മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസ് ഫെബ്രുവരി 13ന് വിശദമാക്കിയത്.

വീടുകളുടെ രൂപത്തേക്കുറിച്ചും മോഷ്ടാക്കൾക്ക് ധാരണ കിട്ടാൻ സഹായിച്ചത് താരങ്ങളുടെ സമൂഹമാധ്യമ അക്കൌണ്ടുകളിലെ പോസ്റ്റുകളെന്നാണ് സൂചന. വീടുകളിൽ ആരുമില്ലാത്ത സമയങ്ങളിലാണ് മോഷണങ്ങളിൽ ഏറിയ പങ്കും നടന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. വീടുകളുടെ സുരക്ഷാ സംവിധാനങ്ങളും അലാറം പോലുള്ളവയും തകരാറിലാക്കിയ ശേഷമായിരുന്നു മോഷണങ്ങൾ നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

മോഷ്ടിച്ചെടുത്ത വാച്ചുകളും ആഭരണങ്ങളും കരിഞ്ചന്തയിലാണ് വിറ്റിരുന്നതെന്നും പൊലീസ് വിശദമാക്കി. രണ്ട് വർഷത്തിനിടെ ഇത്തരത്തിലുള്ള എട്ട് മോഷണങ്ങളാണ് സംഘം നടത്തിയതെന്നും പൊലീസ് വിശദമാക്കി. പിടികൂടുന്ന സമയത്ത് പത്ത് വാച്ചുകളും ആഭരണങ്ങളും 3300 യൂറോയും ആയുധങ്ങളുമാണ് സംഘത്തിന്റെ പക്കലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം