Asianet News MalayalamAsianet News Malayalam

യുക്രൈനിലെ അക്രമം അവസാനിപ്പിക്കണമെന്ന് വ്ലാദിമിർ പുടിനോട് വ്യക്തിപരമായ അപേക്ഷയുമായി മാര്‍പാപ്പ

യുക്രൈനിലെ 4 പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യയുടെ നടപടിയെ കത്തോലിക്കാ സഭാതലവന്‍ അപലപിച്ചു. ഇത് ആണവ വിപുലീകരണത്തിനുള്ള സാധ്യത കൂട്ടുന്നതായുള്ള ആശങ്കയും മാര്‍പാപ്പ പങ്കുവച്ചു

Pope Francis begs Vladimir Putin to stop spiral of violence and death in Ukraine
Author
First Published Oct 3, 2022, 5:20 AM IST

റഷ്യന്‍ പ്രസിഡന്‍റ്  വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ അധിനിവേശത്തിനിടയില്‍ സംഭവിക്കുന്ന രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്ന് വിശദമാക്കിയാണ് മാര്‍പാപ്പയുടെ അപേക്ഷ. ഇത് ആദ്യമായാണ് റഷ്യന്‍ പ്രസിഡന്‍റിനോടായി ഇത്തരമൊരു ആവശ്യം മാര്‍പാപ്പ ഉന്നയിക്കുന്നത്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ യുക്രൈനിന് വേണ്ടി നടന്ന പ്രാര്‍ത്ഥനയിലായിരുന്നു മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

പുടിനോട് റഷ്യയിലെ സ്വന്തം ജനങ്ങളേക്കുറിച്ച് ചിന്തിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നു. യുക്രൈനിലെ 4 പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യയുടെ നടപടിയെ കത്തോലിക്കാ സഭാതലവന്‍ അപലപിച്ചു. ഇത് ആണവ വിപുലീകരണത്തിനുള്ള സാധ്യത കൂട്ടുന്നതായുള്ള ആശങ്കയും മാര്‍പാപ്പ പങ്കുവച്ചു. നേരത്തെയും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിച്ചിട്ടുണ്ടെങ്കിലും പുടിനോട് വ്യക്തിപരമായ അഭ്യര്‍ത്ഥന നടത്തുന്നത് ഇത് ആദ്യമായാണ്.

സ്വന്തം ജനങ്ങളോടുള്ള സ്നേഹം കൊണ്ടെങ്കിലും ഈ അക്രമത്തില്‍ നിന്നും മരണങ്ങളില്‍ നിന്നും പിന്മാറണമെന്ന് മാര്‍പാപ്പ പറഞ്ഞു. റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റിനോടാണ് തന്‍റെ അപേക്ഷ എന്ന് വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപേക്ഷ. പോരാടുന്നത് നിര്‍ത്തണമെന്നത് സംബന്ധിച്ച തന്‍റെ അപേക്ഷ പരിഗണിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്  വ്ളോഡിമിർ സെലൻസ്കിയോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. യുക്രൈന്‍ ജനത അനുഭവിക്കുന്ന വലിയ വേദന കണക്കിലെടുത്ത് ഗൌരവത്തോടെ സമാധാന ശ്രമങ്ങള്‍ നടത്തണമെന്നാണ് മാര്‍പാപ്പ വ്ളോഡിമിർ സെലൻസ്കിയോട് ആവശ്യപ്പെടുന്നത്.

ന്യൂക്ലിയര്‍ പോരാട്ടം ഉണ്ടാവുമോയെന്ന ഭീതിയും ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവനാമത്തിലുള്ള അപേക്ഷയില്‍ മറച്ചുവയ്ക്കുന്നില്ല. ഇരുനേതാക്കളോടുമായുള്ള അപേക്ഷ മാര്‍പാപ്പ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുന്‍പാണ് യുക്രൈനിലെ നാല് പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ത്തെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങള്‍ തിരികെ പിടിച്ചെടുക്കാന്‍ പോരാട്ടം തുടരുമെന്നാണ് വ്ളോഡിമിർ സെലൻസ്കി പ്രതികരിച്ചിട്ടുള്ളത്.

400 -ൽ അധികം മൃതദേഹങ്ങൾ, 20 മൃതദേഹസഞ്ചികൾ, റഷ്യ പിൻവാങ്ങിയതിന് പിന്നാലെ കൂട്ടക്കുഴിമാടം കണ്ടെത്തി

നേരത്തെ റഷ്യ പിൻവാങ്ങിയ ഇസിയം നഗരത്തില്‍ നൂറുകണക്കിന് ശവക്കുഴികൾ കണ്ടെത്തിയതായി യുക്രൈൻ അവകാശപ്പെട്ടിരുന്നു. റഷ്യയിൽ നിന്നും പ്രദേശം പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ കുഴിമാടങ്ങൾ കണ്ടെത്തിയതെന്നും ന​ഗരത്തിന് പുറത്തുള്ള ഒരു വനത്തില്‍ മരക്കുരിശ് വച്ച്, അക്കങ്ങൾ അടയാളപ്പെടുത്തിയ നിലയിലായിരുന്നു ഇവയെന്നുമായിരുന്നു യുക്രൈന്‍ അവകാശപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios