സ്വന്തം ജീവൻ പണയപ്പെടുത്തി അക്രമിയെ നിരായുധനാക്കിയ ഇദ്ദേഹം നിരവധി പേരുടെ ജീവൻ രക്ഷിച്ചു. ഈ ധീരകൃത്യത്തിന് ലോകമെമ്പാടും നിന്നും അഹമ്മദിന് പ്രശംസ ലഭിക്കുകയാണ്.
സിഡ്നി: ഹനുക്കാ പരിപാടിക്കിടെ ഓസ്ട്രേലിയിലെ ബോണ്ടി ബീച്ചിൽ 12 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ, തോക്കുധാരികളിലൊരാളെ ധീരമായി കീഴ്പ്പെടുത്തി നിരായുധനാക്കിയ സാധാരണക്കാരനെ തിരിച്ചറിഞ്ഞു. 43 വയസ്സുള്ള,അഹമ്മദ് അൽ അഹമ്മദ് ആണ് ഈ ധീരകൃത്യം ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവുകൂടിയായ അഹമ്മദിന് വലിയ പ്രശംസയാണ് ലോകമെമ്പാടും ലഭിക്കുന്നത്. ഓസ്ട്രേലിയൻ ടെലിവിഷൻ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ദൃശ്യങ്ങളാണ് അഹമ്മദിൻ്റെ വീരകൃത്യം പുറംലോകത്തെത്തിച്ചത്.
ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്നതിനിടെ ഒരു തോക്കുധാരിയെ ഇദ്ദേഹം പിന്നിൽ നിന്ന് പിടികൂടുകയും, തോക്ക് കൈക്കലാക്കി അയാൾക്ക് നേരെ ചൂണ്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന്, രണ്ടാമത്തെ തോക്കുധാരി ഒരു പാലത്തിൽ നിന്ന് ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുമ്പോൾ, അഹമ്മദ് തോക്ക് ശ്രദ്ധയോടെ ഒരു മരത്തിനരികിൽ വെച്ച് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവെപ്പ് തടയുന്നതിനിടെ അഹമ്മദിൻ്റെ കൈക്കും കൈത്തണ്ടക്കും വെടിയേറ്റതായി അഹമ്മദിൻ്റെ കസിൻ മുസ്തഫ 7ന്യൂസിനോട് പറഞ്ഞു. അദ്ദേഹം ആശുപത്രിയിലാണ്, വലിയ ഹീറോയാണ്, അദ്ദേഹം സുഖമായി തിരികെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മുസ്തഫ കൂട്ടിച്ചേർത്തു. സിഡ്നിയിലെ സതർലാൻഡ് ഷൈറിൽ നിന്നുള്ള അഹമ്മദ് അൽ അഹമ്മദിന് പഴവർഗങ്ങളുടെ ബിസിനസ് ഉണ്ട്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം ബോണ്ടി ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു.
ലോക നേതാക്കളുടെ പ്രശംസയും അനുശോചനവും
അഹമ്മദിൻ്റെ ധീരമായ നടപടിയെ ഓസ്ട്രേലിയൻ അധികാരികളും ലോകനേതാക്കളും പ്രശംസിച്ചു. വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ സംസാരിച്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഓസ്ട്രേലിയയിലെ ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബോണ്ടി ബീച്ചിലെ തോക്കുധാരിയെ കീഴ്പ്പെടുത്തിയ വ്യക്തിയെ 'വളരെ ധീരനായ വ്യക്തി' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം നിരവധി ജീവൻ രക്ഷിച്ചു എന്നും പറഞ്ഞു. ബോണ്ടി ബീച്ച് ആക്രമണം തികച്ചും അപലപനീയമാണെന്നും ട്രംപ് പഞ്ഞു.
ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പ്രീമിയർ ക്രിസ് മിൻസ് അഹമ്മദിൻ്റെ നടപടിയെ താൻ കണ്ടതിൽ വെച്ച് 'ഏറ്റവും അവിശ്വസനീയമായ രംഗം' എന്നാണ് വിശേഷിപ്പിച്ചത്. 'ഒരു തോക്കുധാരിയുടെ നേരെ നടന്നുചെന്ന് ഒറ്റയ്ക്ക് അയാളെ നിരായുധനാക്കി, സ്വന്തം ജീവൻ പണയം വെച്ച് എണ്ണിയാലൊടുങ്ങാത്ത ആളുകളുടെ ജീവൻ രക്ഷിച്ച ആ മനുഷ്യൻ ഒരു യഥാർത്ഥ ഹീറോയാണെന്ന് മിൻസ് പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാൻ അപകടത്തിലേക്ക് ഓടിച്ചെന്ന ധീരതയെ പ്രശംസിക്കുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്.'ഈ ഓസ്‌ട്രേലിയക്കാർ ഹീറോകളാണ്, അവരുടെ ധീരത ജീവൻ രക്ഷിച്ചു, എന്നും അദ്ദേഹം പറഞ്ഞു.


