വൈസ് അഡ്മിറൽ എന്ന ഹോണററി പദവിയായിരുന്നു ആന്‍ഡ്രൂ രാജകുമാരന് ബ്രിട്ടീഷ് നാവിക സേനയിലുണ്ടായിരുന്നത്.
ബ്രിട്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധം വിവാദമായതോടെ ആന്‍ഡ്രൂ രാജകുമാരന്റെ നാവിക സേനയിലെ സ്ഥാനവും നഷ്ടമാകും. വൻ വിവാദങ്ങൾക്ക് അവസാനം കണ്ടെത്താനുള്ള ചാൾസ് രാജാവിന്റെ കടുത്ത നടപടിയിൽ നേരത്തെ ബ്രിട്ടീഷ രാജകുടുംബത്തിലെ പദവികൾ ആന്‍ഡ്രൂ രാജകുമാരന് നഷ്ടമായിരുന്നു. വൈസ് അഡ്മിറൽ എന്ന ഹോണററി പദവിയായിരുന്നു ആന്‍ഡ്രൂ രാജകുമാരന് ബ്രിട്ടീഷ് നാവിക സേനയിലുണ്ടായിരുന്നത്. ഇത് റദ്ദാക്കുമെന്നാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. 2015ലാണ് ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സർ രാജകുമാരന് ഹോണററി റാങ്ക് ആയി വൈസ് അഡ്മിറൽ പദവി നൽകിയത്. 2022ൽ സൈനിക പദവികൾ നഷ്ടമായപ്പോഴും ആൻഡ്രൂ രാജകുമാരൻ ഈ പദവി ഉപേക്ഷിച്ചിരുന്നില്ല. പ്രതിരോധ സെക്രട്ടറി ജോൺ ഹെലീയാണ് ഇക്കാര്യം ഞായറാഴ്ച വ്യക്തമാക്കിയത്. ആൻഡ്രൂ രാജകുമാരന്റെ ഔദ്യോഗിക പദവികൾ റദ്ദാക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
സൈനിക മെഡലുകൾ നഷ്ടമായേക്കില്ല
ഇതിന് ശേഷം അവശേഷിച്ചിരുന്ന ഒരേയൊരു പദവിയായിരുന്നു ഹോണററി വൈസ് അഡ്മിറൽ സ്ഥാനം. സൈനിക മെഡലുകൾ തിരിച്ചെടുക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. 20 വർഷമാണ് ആൻഡ്രൂ രാജകുമാരൻ നാവിക സേനയിൽ ജോലി ചെയ്തത്. കൊട്ടാരത്തിൽ നിന്ന് പുറത്തായതോടെ ആന്‍ഡ്രു മൗണ്ട് ബാറ്റന്‍ വിന്‍ഡ്സര്‍ എന്ന പേരിലാകും ആൻഡ്രൂ രാജകുമാരൻ അറിയപ്പെടുക. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികൾ നേരത്തെ ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചിരുന്നു.
ഡ്യൂക്ക് ഓഫ് യോർക്ക് ഉൾപ്പെടെയുള്ള പദവികൾ ഉപേക്ഷിക്കുകയാണെന്ന് ആൻഡ്രൂ രാജകുമാരൻ ഒക്ടോബർ 18 ന് പ്രഖ്യാപിച്ചിരുന്നു. സഹോദരനും നിലവിലെ രാജാവുമായ ചാൾസ് മൂന്നാമന്റെ അനുവാദത്തോടെയാണ് തീരുമാനമെന്നാണ് ബക്കിംഗ്ഹാം പാലസിൽ നിന്നുള്ള പ്രസ്താവനയിൽ ആൻഡ്രൂ രാജകുമാരൻ വിശദമാക്കിയത്. എലിസബത്ത് രാജ്ഞിയിൽ നിന്ന് ലഭിച്ച യോർക്ക് ഡ്യൂക്ക് പദവിയടക്കമാണ് ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചത്. എന്നാൽ രാജകുമാരനെന്ന പദവി ഉപേക്ഷിച്ചിരുന്നില്ല.


