മോളിക്യൂൾ കഴിക്കു, ഭക്ഷണം ഉണ്ടെന്നുള്ളത് മറക്കൂ എന്ന വൈറൽ ടാഗോടെയാണ് ഈ ഭാരം കുറയ്ക്കൽ ഗുളികകൾ വ്യാപകമായി പ്രോത്സാഹിക്കപ്പെടുന്നത്
മോസ്കോ: പെട്ടന്ന് തടി കുറയ്ക്കാൻ ടിക് ടോക് വീഡിയോയിലൂടെ വൈറലായ മരുന്ന് പ്രയോഗം വ്യാപകമാക്കി യുവതലമുറ. കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ. റഷ്യയിലെ യുവതലമുറയാണ് ടിക് ടോക് വീഡിയോകളിൽ വൈറലായ മോളിക്യൂൾ ഗുളികകൾ വ്യാപകമായി ഉപയോഗിക്കുന്നത്. മോളിക്യൂൾ കഴിക്കു, ഭക്ഷണം ഉണ്ടെന്നുള്ളത് മറക്കൂ എന്ന വൈറൽ ടാഗോടെയാണ് ഈ ഭാരം കുറയ്ക്കൽ ഗുളികകൾ വ്യാപകമായി പ്രോത്സാഹിക്കപ്പെടുന്നത്. പ്രമുഖ റിട്ടെയിൽ വ്യാപാരികളും ഗുളിക വ്യാപകമായി പ്രോത്സാഹിപ്പിച്ചതും മോളിക്യൂളിന് വലിയ രീതിയിലുള്ള പ്രചാരമാണ് നൽകിയത്. എന്നാൽ മരുന്ന് കഴിക്കാൻ ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടതിന് പിന്നാലെ നിരവധി പേർ രുചികൾ തോന്നുന്നില്ലെന്ന വ്യാപക പരാതി നൽകിയതോടെയാണ് മോളിക്യൂളിലെ ഘടകങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയത്.
അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും ബ്രിട്ടനിലും നിരോധിക്കപ്പെട്ട ഘടകങ്ങളാണ് ഈ ഗുളികയ്ക്കുള്ളിൽ കണ്ടെത്തിയത്. ജമന്തിയുടെ ഇനത്തിലുള്ള ഡാൻഡെലിയോൺസ് പൂക്കളുടെ വേരും പെരും ജീരകത്തിന്റെ എക്സ്ട്രാറ്റുമാണ് ഗുളികയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് മോളിക്യൂളിന്റെ പാക്കറ്റിൽ വിശദമാക്കുന്നത്. എന്നാൽ വിശദമായ പരിശോധനയിൽ കണ്ടെത്താനായത് സിബുട്രാമൈൻ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യമാണ്. 1980കളിൽ വിഷാദ രോഗത്തിനുള്ള മരുന്നായി ഉപയോഗിച്ചിരുന്ന വസ്തുവാണ് സിബുട്രാമൈൻ. എന്നാൽ ഹൃദയാഘാതമുണ്ടാകാനും സ്ട്രോക്ക് ഉണ്ടാവാനും മരുന്ന് കാരണമാവുന്നതായി പഠനങ്ങളിൽ വ്യക്തമായിരുന്നു. വളരെ ചെറിയ തോതിൽ മാത്രമാണ് സിബുട്രാമൈൻ ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
യൂറോപ്യൻ യൂണിയനും അമേരിക്കയും ബ്രിട്ടനും നിരോധിച്ച മരുന്ന് പ്രധാനഘടകം
2010ൽ അമേരിക്കയും തൊട്ട് പിന്നാലെ തന്നെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും ചൈനയും അടക്കമുള്ള രാജ്യങ്ങളും സിബുട്രാമൈൻ നിരോധിച്ചു. എന്നാൽ റഷ്യയിൽ അമിത വണ്ണത്തിന് സിബുട്രാമൈൻ മരുന്നായി നിലവിൽ ഉപയോഗിക്കുന്നുണ്ട്യ എന്നാൽ പ്രായപൂർത്തിയായവർക്ക് പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം ആണ് സിബുട്രാമൈൻ വാങ്ങാൻ സാധിക്കുക. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ സിബുട്രാമൈൻ വിൽക്കുന്നത് ക്രിമിനൽ കുറ്റമെന്നിരിക്കെയാണ് മോളിക്യൂൾ ഗുളികകളിൽ സിബുട്രാമൈൻ വലിയ രീതിയിൽ ഉപയോഗിക്കുന്നത്. സ്വയം ഈ മരുന്ന് ഉപയോഗം നടക്കുന്നുവെന്നതാണ് നിലവിൽ റഷ്യയെ വലയ്ക്കുന്നത്. മരുന്ന് ഉപയോഗിച്ച് തുടങ്ങിയതിന് പിന്നാലെ പാനിക് അറ്റാക്കുകളും മതിഭ്രമവും ഉറക്കക്കുറവും വിറയലും രുചി നഷ്ടവും കാഴ്ച തകരാർ അടക്കമുള്ള പലവിധ പ്രശ്നങ്ങളാണ് പലരും നേരിടുന്നത്.
ഏപ്രിൽ മാസത്തിൽ മോളിക്യൂൾ ഓൺലൈനിൽ കൂടി വിൽക്കുന്നതിന് റഷ്യ വിലക്കി. ഇതോടെ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് കാണാതെയായി. എന്നാൽ വൈകാതെ തന്നെ ആറ്റം എന്ന പുതിയ പേരിൽ മോളിക്യൂൾ വീണ്ടും പുറത്തിറങ്ങി. സ്പോർട്സ് ന്യൂട്രീഷ്യൻ എന്ന പേരിലാണ് ആറ്റം വിൽപന നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിൽ തകരാറുള്ളവർ ഈ മരുന്ന് കഴിക്കുന്നതോടെ ഗുരുതര പ്രത്യാഘാതങ്ങളാണ് സംഭവിക്കുകയെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.


