വെള്ളക്കെട്ടുകളിൽ മുങ്ങി മരണത്തിന് പിന്നാലെ ജല ജന്യ രോഗങ്ങളും ബാധിച്ചാണ് കുട്ടികളിൽ ഏറെയും മരിച്ചിട്ടുള്ളത്

ഇസ്ലാമബാദ്: നിരന്തരമായി നേരിടുന്ന പ്രളയക്കെടുതിയിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് 170 പേരിൽ ഏറെയും കുട്ടികളെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ കിഴക്കൻ മേഖലയിൽ പ്രളയക്കെടുതിയിൽ 24 മണിക്കൂറിനുള്ളിൽ മാത്രം കൊല്ലപ്പെട്ടത് 54 പേരാണ്. പഞ്ചാബ് പ്രവിശ്യയിലെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്. വീടുകളും റോഡുകളും തുട‍ർച്ചയായി മേഖലയിൽ ഉണ്ടാവുന്ന മിന്നൽ പ്രളയത്തിൽ തകർന്നു. ജൂൺ 26 മുതൽ ആരംഭിച്ച പ്രളയത്തിൽ 85 കുട്ടികൾ മരിച്ചതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. മേഖലയിൽ കുട്ടികൾക്ക് അതിജീവനം വലിയ വെല്ലുവിളിയാണെന്നാണ് റിപ്പോർട്ട്. വെള്ളക്കെട്ടുകളിൽ മുങ്ങി മരണത്തിന് പിന്നാലെ ജല ജന്യ രോഗങ്ങളും ബാധിച്ചാണ് കുട്ടികളിൽ ഏറെയും മരിച്ചിട്ടുള്ളത്. സൈന്യത്തെ അടക്കമാണ് പ്രളയ ബാധിത മേഖലയിലെ രക്ഷാ പ്രവ‍ർത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. വയലുകളും റോഡുകളും പൂർണമായി മുങ്ങിയ മേഖലയിൽ നിന്നുള്ള സാഹസിക രക്ഷാപ്രവ‍ർത്തന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. റാവൽപിണ്ടിയിലും ഇസ്ലാമബാദ് മേഖലയിലും അടക്കം കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച മേഖലയിൽ ലഭിച്ചത് 100 മില്ലിമീറ്റർ മഴയാണ്. വെള്ളിയാഴ്ച ഇതിലും ശക്തമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയേയും തുടർച്ചയായി വരുന്ന പ്രളയങ്ങളും പ്രളയക്കെടുതിയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയബാധിതർക്കായി 7 ക്യാംപുകളാണ് രാജ്യത്ത് തുറന്നിട്ടുള്ളത്. ഉഷ്ണ തരംഗം രൂക്ഷമായ സമയത്ത് നിരവധി തവണയാണ് പാകിസ്ഥാനിൽ ഈ വർഷം തന്നെ മിന്നൽ പ്രളയങ്ങളുണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവ‍ും ശക്തമായ മഴക്കെടുതിയാണ് പാകിസ്ഥാൻ നിലവിൽ നേരിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം