രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ ആരംഭിച്ച കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കാഠ്‌മണ്ഡു: നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ കലാപം. സുരക്ഷാ ഉദ്യോഗസ്ഥരും രാജവാഴ്ച അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്കേറ്റു. നൂറുകണക്കിന് വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. കാഠ്‌മണ്ഡുവിലും സമീപ പ്രദേശങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് നടന്ന പ്രതിഷേധ റാലിക്ക് നേലെ നേപ്പാളിലെ പൊലീസും സൈന്യവും ലാത്തിച്ചാർജ് നടത്തി. തുട‍ർന്ന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകടനങ്ങളും പ്രതിഷേധ റാലികളും നിരോധിച്ച സ്ഥലത്ത് നിയമം ലംഘിച്ചതിനെ തുടർന്നാണ് ബലപ്രയോഗം നടത്തേണ്ടി വന്നതെന്നാണ് പൊലീസിൻ്റെ വാദം. അതേസമയം കൊല്ലപ്പെട്ടവരിൽ ഒരാൾ മാധ്യമപ്രവർത്തകനെന്നും റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹത്തിൻ്റെ വീടിന് തീയിട്ടതിനെ തുടർന്നാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം.