Asianet News MalayalamAsianet News Malayalam

പുതുവര്‍ഷദിനത്തില്‍ സ്‍കൂളിന് നേരെ ആക്രമണം; സിറിയയിൽ നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

വടക്കു പടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‍ലിബ് പ്രവിശ്യയിലെ സര്‍മീന്‍ നഗരത്തിലാണ് ആക്രമണമുണ്ടായത്.
വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളിലുള്ള സമയത്തായിരുന്നു ആക്രമണമുണ്ടായത്.

 

rocket attack by Syrian government forces on a school in Idlib in New Years Day Four children killed
Author
Syria, First Published Jan 2, 2020, 10:58 AM IST

ദമാസ്കസ്:  സിറിയയില്‍ പുതുവര്‍ഷദിനത്തില്‍ സ്‍കൂളിലിന് നേരയുണ്ടായ ആക്രമണത്തില്‍ നാല് കുട്ടികൾ ഉൾപ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‍ലിബിലുള്ള സ്‍കൂളിന് നേരെയാണ് സിറിയന്‍ സര്‍ക്കാര്‍ സേന റോക്കറ്റാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതായി സിവില്‍ ഡിഫന്‍സ് ഏജന്‍സിയായ വൈറ്റ് ഹെല്‍മെറ്റ്സ് അറിയിച്ചു.

വടക്കു പടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‍ലിബ് പ്രവിശ്യയിലെ സര്‍മീന്‍ നഗരത്തിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളിലുള്ള സമയത്തായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പതിനാറോളം പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സിറിയയില്‍ വിമതരുടെ സ്വാധീനം നിലനില്‍ക്കുന്ന അവസാന കേന്ദ്രമായ ഇദ്‍ലിബ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ സൈന്യം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇദ്‍ലിബിലെ 40 ഗ്രാമങ്ങളാണ് സിറിയന്‍ സേന പിടിച്ചെടുത്തത്. ഏപ്രിലിൽ സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും കൈക്കോർത്ത് ഇദ്‍ലിബിലെ വിമതർക്കെതിരെ വ്യാപകമായി ക്യാംപയിൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചകളിലായി വിമതർക്കെതിരെ രൂക്ഷമായി ആക്രമണം അഴിച്ചുവിട്ടത്തോടെ ആയിരത്തിലധികം ആളുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യാപക ആക്രമണത്തെ തുടർന്ന് ഡിസംബർ 12നും 25 നും ഇടയിലായി ഏകദേശം 235000ലധികം ആളുകൾ പലായനം ചെയ്‍തതായി യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസി‌എച്ച്എ) റിപ്പോർട്ട് ചെയ്യുന്നു. 2011 മുതൽ 2019 വരെയുള്ള കാലയളവിൽ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 370,000 പേരാണ് കൊല്ലപ്പെട്ടത്. 2011ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ട വര്‍ഷമാണ് 2019. 2019ൽ മാത്രമായി 11215 പേരാണ് സിറിയൻ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ആയിരത്തിലധികം കുട്ടികൾ ഉള്‍പ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

 

Follow Us:
Download App:
  • android
  • ios