യുക്രൈന്‍ അധികൃതര്‍ പാകിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും ഇതിനായി ചര്‍ച്ചകള്‍ നടന്നെന്നുമാണ് റഷ്യ ആരോപിച്ചത്.


യുക്രൈന്‍റെ യുദ്ധഭൂമിയിൽ ആണവായുധങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും എപ്പോൾ ഉപയോഗിക്കാമെന്നും കഴിഞ്ഞ മാസം മുതിർന്ന റഷ്യൻ സൈനിക നേതാക്കൾ ചർച്ച ചെയ്തതായി രണ്ട് യു എസ് ഉദ്യോഗസ്ഥർ പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പങ്കെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധം ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈന്‍ യുദ്ധഭൂമിയില്‍ പരാജയം നേരിടുന്ന റഷ്യ ആണവായുധം ഉപയോഗിക്കും എന്ന് ആശങ്ക വര്‍ദ്ധിച്ച് വരുന്നതിനിടെയാണ് ഈ നിര്‍ണ്ണായക വിവരം പുറത്ത് വരുന്നത്. ഇതിനിടെ യുക്രൈനെതിരെ ശക്തമായി ആരോപണവുമായി റഷ്യയും രംഗത്തെത്തി. യുക്രൈന്‍ അധികൃതര്‍ പാകിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും ഇതിനായി ചര്‍ച്ചകള്‍ നടന്നെന്നുമാണ് റഷ്യ ആരോപിച്ചത്. 

യുദ്ധം നീണ്ടു പോയതോടെ സെപ്റ്റംബർ മാസം അവസാനത്തോടെ പ്രസിഡന്‍റ് പുടിൻ തന്‍റെ ആണവ, പാശ്ചാത്യ വിരുദ്ധത മറനീക്കി പ്രകടിപ്പിച്ചിരുന്നു. യുക്രൈനില്‍ കീഴടക്കിയ ഭൂമി സംരക്ഷിക്കാന്‍ തന്‍റെ കൈവശമുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്നായിരുന്നു പുടിന്‍ പറഞ്ഞത്. ഇതോടെ റഷ്യ ആണവായുധത്തിന് തയ്യാറെടുക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയെയും താൻ പിടിച്ചടക്കിയ യുക്രൈന്‍ ഭൂമിയെയും സംരക്ഷിക്കാൻ തന്‍റെ പക്കലുള്ള എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പുടിന്‍ സംസാരിച്ചത്. 'ഇതൊരു തമാശയല്ല' എന്നായിരുന്നു പുടിന്‍റെ വാക്കുകള്‍. ഇതോടെയാണ് റഷ്യ ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നെന്ന ആശങ്ക വര്‍ദ്ധിച്ചത്. 

കൂടുതല്‍ വായനയ്ക്ക്: അമേരിക്ക പരിശീലിപ്പിച്ച അഫ്ഗാന്‍ കമാന്‍ഡോകളെ യുക്രൈന്‍ യുദ്ധത്തിന് റിക്രൂട്ട് ചെയ്യാന്‍ റഷ്യ

പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, 'മാസം കഴിയുന്തോറും അതിന്‍റെ സാധ്യതകളെ കുറിച്ച് ഞങ്ങള്‍ കൂടുതല്‍ ആശങ്കയിലാണ്' എന്നായിരുന്നു വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പ്രതികരിച്ചത്. യുദ്ധമുഖത്ത് റഷ്യ പരാജയം നേരിടുമ്പോള്‍, വിജയത്തിനായി അവര്‍ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത കൂടുതയാണെന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദരും വിലയിരുത്തുന്നു. ഇതിനിടെ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചേര്‍ത്ത ഒരു "dirty bomb" യുക്രൈന്‍ തയ്യാറാക്കിയതായി റഷ്യ ആരോപിച്ചു. എന്നാല്‍, ഇല്ലാത്ത ബോംബിന്‍റെ പേരില്‍ യുക്രൈനെ കുറ്റപ്പെടുത്താനുള്ള റഷ്യന്‍ ശ്രമം മാത്രമാണിതെന്നായിരുന്നു യുക്രൈന്‍റെയും സുഹൃത്ത് രാജ്യങ്ങളുടെയും നിലപാട്. ഇതിനിടെ റഷ്യ ആണവാഭ്യാസങ്ങള്‍ നടത്തിയതും ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍, പാശ്ചാത്യ ആശങ്ക വര്‍ദ്ധിച്ചപ്പോള്‍ റഷ്യയുടെ ആണവ സിദ്ധാന്തം ആണവായുധങ്ങളുടെ പ്രതിരോധ ഉപയോഗം മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കി പുടിൻ തന്നെ രംഗത്തെത്തി. 

എന്നാൽ , റഷ്യയുടെ സുരക്ഷാ കൗൺസിലിന്‍റെ ഡെപ്യൂട്ടി ഹെഡ് ദിമിത്രി മെദ്‌വദേവ് റഷ്യയുടെ ആണവ സിദ്ധാന്തത്തിന്‍റെ മറ്റൊരുവശം ഉയർത്തിക്കാട്ടി. ഭരണകൂടത്തിന് അസ്തിത്വ ഭീഷണിയുണ്ടായാൽ ആണവ ഉപയോഗം സാധ്യമാണെന്നതായിരുന്നു അത്. കൂടാതെ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി സംരക്ഷിക്കുകയെന്നത് രാജ്യത്തിന്‍റെ അസ്തിത്വ പ്രശ്നവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, "ഭരണകൂടത്തിന്‍റെ നിലനിൽപ്പ് അപകടത്തിലായിരിക്കുമ്പോൾ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന്" മറുപടിയായി ആണവായുധങ്ങൾ ഉപയോഗിക്കാൻ റഷ്യയ്ക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കി. ഇതോടെ അയഞ്ഞിരുന്ന ആശങ്ക വീണ്ടും സജീവമായി. 

കൂടുതല്‍ വായനയ്ക്ക്: ക്രീമിയന്‍ നഗരത്തിലേക്ക് യുക്രൈന്‍റെ ഡ്രോണ്‍ ആക്രമണം; യുദ്ധക്കപ്പല്‍ തകര്‍ന്നതായി റഷ്യ

യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യ തന്ത്രപരമായ ആണവായുധം പ്രയോഗിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് മറുപടി പറഞ്ഞു. അത് എന്തായിരിക്കുമെന്ന് ഊഹിക്കേണ്ടതില്ലെന്നും അദ്ദേഹം തങ്ങളുടെ എംപിമാരോട് ചൂണ്ടിക്കാട്ടി. ഇതിനിടെ റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ തലവൻ സെർജി നരിഷ്കിൻ, യുക്രൈന്‍റെ നേതൃത്വം ആണവായുധങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചു. പാക്കിസ്ഥാനിൽ നിന്നും ആണാവായുധങ്ങൾ വാങ്ങാൻ യുക്രൈന്‍ നീക്കം നടത്തിയതെന്നും റഷ്യ ആരോപിച്ചു. യുക്രൈൻ ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലെത്തി ചർച്ച നടത്തിയെന്നും റഷ്യൻ സെനറ്റർ ഇഗോർ മോറോസോവാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് യുദ്ധവിദഗ്ദര്‍ വിലയിരുത്തുന്നു. 

കൂടുതല്‍ വായനയ്ക്ക്: കൂടുതല്‍ സഹായം വേണമെന്ന് പറഞ്ഞ യുക്രൈന്‍ പ്രസിഡന്‍റിനോട് ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്