തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനാവാത്ത രണ്ട് ചർച്ചകൾക്ക് ശേഷമാണ് മൂന്നാം വട്ട ചർച്ച നടക്കുന്നത്. ഇതിന് പുറമേയാണ് വിദേശകാര്യമന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന വ്യാഴാഴ്ചത്തെ ചർച്ച. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവും, യുക്രെയ്ൻ വിദേശകാര്യ ദിമിത്രോ കുലേബയും തുർക്കിയുടെ വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തും.

കീവ്: റഷ്യ യുക്രൈൻ (Russia Ukraine) മൂന്നാം വട്ട സമാധാന ചർച്ച തുടരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം ഏഴരയോടെയാണ് ചർച്ച ആരംഭിച്ചത്. റഷ്യയുടെയും യുക്രൈന്റെയും വിദേശകാര്യമന്ത്രിമാർ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. 

തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനാവാത്ത രണ്ട് ചർച്ചകൾക്ക് ശേഷമാണ് മൂന്നാം വട്ട ചർച്ച നടക്കുന്നത്. ഇതിന് പുറമേയാണ് വിദേശകാര്യമന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന വ്യാഴാഴ്ചത്തെ ചർച്ച. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവും, യുക്രെയ്ൻ വിദേശകാര്യ ദിമിത്രോ കുലേബയും തുർക്കിയുടെ വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തും. യുദ്ധം തുടങ്ങിയ ശേഷമുള്ള എറ്റവും ഉയർന്ന തലത്തിലുള്ള ചർച്ചയാണിത്. സാമ്പത്തിക രംഗത്തെ തകർച്ച മുന്നിൽ കണ്ടാണ് തുർക്കിയുടെ ഇടപെടൽ.

അതേസമയം, മുൻ പ്രസിഡന്റ് യാനുകോവിച് ക്രെംലിനിൽ ചർച്ച നടത്തുന്നതായുള്ള റിപ്പോർട്ടുകൾ യുക്രൈൻ തള്ളി. യൂറി ബോയ്കോ, വിക്ടർ യാനുകോവിച്ച് എന്നീ റഷ്യൻ വിഡ്ഢികൾക്ക് പ്രാധാന്യം നൽക്കേണ്ട സമയം അല്ല ഇത് എന്നാണ് യുക്രൈൻ പ്രതികരിച്ചത്. പ്രശ്നം റഷ്യ നടത്തുന്ന അതിക്രമമെന്നും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് പറഞ്ഞു. യൂറി ബോയ്കോയെ യുക്രൈൻ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ റഷ്യ ശ്രമിക്കുന്നതായും അഭ്യൂഹങ്ങൾ ഉണ്ട്. ഇതും യുക്രൈൻ തള്ളി. കീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ 13 പേർ മരിച്ചെന്ന് യുക്രൈൻ അറിയിച്ചു.

രണ്ട് ദിവസം ശാന്തമായിരുന്ന കീവ് നഗരം വീണ്ടും വെടിയൊച്ചകളാൽ നിറയുന്നുവെന്നാണ് കീവ് മേയർ തന്നെ ഇന്ന് വ്യക്തമാക്കിയത്. ബുച, ഇർപ്പിൻ, ഹോസ്റ്റോമൽ നഗരങ്ങൾ വ്യാപകമായി ബോംബിട്ട് തകർക്കുകയാണെന്നാണ് യുക്രൈൻ ആരോപണം. കീവിന് പുറമെ കാർകിവ് , മൈകോലെയ്‍വ്, ചെർണിഹിവ് എന്നീ യുക്രൈൻ നഗരങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലടക്കം ഷെല്ലാക്രമണം ഉണ്ടായി. ലുഹാൻസ്കിലെ എണ്ണ സംഭരണശാലയിലെ റോക്കറ്റ് ആക്രമണത്തിൽ വൻ തീപ്പിടിത്തമാണുണ്ടായത്. ഇതിനിടയിലാണ് കാർക്കിവിലെ ചുഗുവേവ് പട്ടണം തിരികെപിടിച്ചെന്ന് യുക്രൈൻ അവകാശപ്പെട്ടത്. റഷ്യയുടെ 3 ചെറു യുദ്ധക്കപ്പലുകൾ മുക്കിയതായും യുക്രൈൻ അവകാശ വാദമുണ്ട്. 

അതിനിടെ യുദ്ധത്തിന് മുമ്പ് യുക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരുന്ന 2 ലക്ഷത്തോളം വരുന്ന റഷ്യൻ സൈനികരിൽ 95ശതമാനവും യുക്രൈനിലെത്തിക്കഴിഞ്ഞു. ലോകരാജ്യങ്ങളുടെ പ്രസ്താവനാ യുദ്ധവും തുടരുകയാണ്. യുദ്ധം ചെയ്യാൻ റഷ്യ സിറിയയിൽ നിന്നുള്ളവരെയും റിക്രൂട്ട് ചെയ്യുന്നുവെന്നാണ് അമേരിക്കൻ ആരോപണം. ഇതിനിടെ നാറ്റോ സഖ്യത്തിനെതിരെ വിമർശനമുന്നയിച്ച് യുക്രൈൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി രംഗത്തെത്തി. കൂടുതൽ വിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനവും വേണമെന്ന് സെലൻസ്കി ആവർത്തിച്ച് ആവശ്യപ്പെടുന്നു. നോ ഫ്ലൈ സോൺ, റഷ്യയ്ക്ക മുന്നിൽ തുറമുഖങ്ങൾ അടയ്ക്കൽ എന്നിവയിൽ നടപടിയില്ലാത്തതിൽ സെലൻസ്കി നിരാശനാണ്. യുക്രെയ്ന് വിമാനം നൽകിയാൽ തിരിച്ചടിയുണ്ടാകമെന്ന പുടിന്‍റെ മുന്നറിയിപ്പും നിലനിൽക്കുകയാണ്. ഇതിനിടയിൽ യുക്രൈന് പോർവിമാനം നൽകിയ പോളണ്ടിന് പകരം വിമാനം നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. യുക്രൈന്റെ സൈനിക ,വ്യാവസായിക സമുച്ചയങ്ങൾ ആക്രമിക്കുമെന്ന റഷ്യൻ പ്രസ്താവനയിൽ ആരും പ്രതികരിക്കാത്തതിൽ സെലൻസ്കിക്ക് കടുത്ത അമർഷമാണുള്ളത്. യുക്രൈന് വിമാനം നൽകിയാൽ തിരിച്ചടിയുണ്ടാകമെന്ന പുടിന്‍റെ മുന്നറിയിപ്പും നിലനിൽക്കുകയാണ്.