Asianet News MalayalamAsianet News Malayalam

Russia Ukraine Crisis : പോരാട്ടം കടുപ്പിക്കാൻ യുക്രൈൻ, ആർക്കും സൈന്യത്തിൽ ചേരാം; നിബന്ധനകൾ എടുത്തുമാറ്റി

അതിനിടെ യുക്രൈൻ ആയുധം താഴെ വെച്ചാൽ മാത്രം ചർച്ചയെന്ന നിലപാട് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയിട്ടുണ്ട്. റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്‌റോവിനാണ് ആയുധം താഴെ വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്

Russia Ukraine Crisis : anyone can join the army, conditions have been removed Ukraine
Author
Kiev, First Published Feb 25, 2022, 5:02 PM IST

കീവ്: റഷ്യയുടെ ആക്രമണത്തെ (Russia Ukraine Crisis) ചെറുത്തുനിൽക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈൻ സർക്കാർ. റഷ്യൻ സേനയെ ചെറുക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത യുക്രൈൻ (Ukraine) പ്രതിരോധ മന്ത്രാലയം സൈന്യത്തിൽ ചേരാനുള്ള നിബന്ധനകളും എടുത്തുമാറ്റി. യുക്രൈൻ പാസ്പോർട്ടുള്ള ആ‌ർക്കും സൈന്യത്തിൽ ചേരാമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രായ നിയന്ത്രണമടക്കം നീക്കിയുള്ളതാണ് സാധാരണക്കാരെ വീണ്ടും സൈന്യത്തിലേക്ക് വിളിച്ചുകൊണ്ടുള്ള നടപടി. സൈന്യത്തിന്‍റെ അറിയിപ്പ് വന്നതിന് പിന്നാലെ രാജ്യത്തിന് വേണ്ടി തോക്കെടുക്കാൻ യുവാക്കളുടെ നീണ്ട നിരയാണ് മിലിട്ടറി രജിസ്ട്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ കാണുന്നത്. യുക്രൈനിലെ റിവൈനയിൽ നിന്നുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

യുക്രൈൻ തലസ്ഥാന നഗരത്തിലടക്കം ശക്തമായ പോരാട്ടം തുടരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോ‍ർട്ടുകൾ. റഷ്യക്ക് (Russia) കനത്ത തിരിച്ചടി നൽകുന്നുണ്ടെന്ന് യുക്രൈന്‍റെ അവകാശവാദം. റൊസ്തോവിലെ റഷ്യൻ എയർ‌ഫീൽഡിന് നേരെ ആക്രമണം നടത്തിയെന്ന് യുക്രൈൻ സേന അറിയിച്ചു. മിസൈലാക്രമണത്തിലൂടെ റഷ്യൻ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്നും യുക്രൈൻ സേന വ്യക്തമാക്കി.

രാജ്യം വിടില്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ്; റഷ്യ പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയം

നേരത്തെ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ട് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയുമെന്നും ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും വ്ലാദിമിർ സെലൻസ്കി നിലപാട് വ്യക്തമാക്കിയിരുന്നു. യുദ്ധത്തിൽ സഹായിക്കാത്ത വൻ ശക്തികൾക്കെതിരെ സെലൻസ്കി വിമർശനവും ഉന്നയിച്ചു. ഇത് യുക്രൈൻ ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായി. യുക്രൈൻ നേരിടുന്ന ഈ യുദ്ധത്തിൽ വന്‍ ശക്തികൾ കാഴ്ച്ചക്കാരായെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈൻ പ്രസിഡന്‍റ് വിമർശിച്ചു.

അതേസമയം കീവില്‍ റഷ്യയുടെ സഫോടന പരമ്പര തുടരുകയാണ്. രാവിലെ സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണം റഷ്യ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 28 ലക്ഷം മനുഷ്യരുള്ള കീവ് നഗരത്തിനു മേൽ ഇന്ന് പുലർച്ചെ റഷ്യ ഉഗ്ര  ആക്രമണമാണ് നടത്തിയത്. സിവിലിയൻ കേന്ദ്രങ്ങൾ അടക്കം മിസൈൽ ആക്രമണത്തിൽ കത്തിയെരിഞ്ഞു. അക്രമിക്കാനെത്തിയ ഒരു റഷ്യൻ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു. ഇന്നലെ  204 മിസൈലുകളാണ് ആകെ തൊടുത്തത് എങ്കിൽ ഇന്ന് കീവ് നഗരത്തിൽ മാത്രം നാല്‍പ്പതോളം മിസൈലുകൾ വീണതായാണ് റിപ്പോർട്ട്.

അതിനിടെ യുക്രൈൻ ആയുധം താഴെ വെച്ചാൽ മാത്രം ചർച്ചയെന്ന നിലപാട് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ റഷ്യ, പൊരുതാതെ യുക്രൈൻ കീഴടങ്ങണമെന്ന ആവശ്യമാണ് മറ്റൊരു തരത്തിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്‌റോവിനാണ് ആയുധം താഴെ വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രൈൻ-റഷ്യ യുദ്ധം: തത്സമയ വിവരങ്ങൾ അറിയാം

Follow Us:
Download App:
  • android
  • ios