അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റേതാണ് പ്രഖ്യാപനം. വില നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.
വാഷിങ്ടൺ: യക്രൈന്‍ - റഷ്യ യുദ്ധം (Ukraine - Russia War) മുറുകുന്നതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റേതാണ് (US President Joe Biden) പ്രഖ്യാപനം. വില നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ലോകത്തെ പ്രചോദിപ്പിക്കുന്നെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കാൻ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ തീരുമാനിച്ചത്. റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിരോധനം. റഷ്യയിൽ നിന്നുള്ള എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായി ഒഴിവാക്കുമെന്ന് ബ്രിട്ടനും അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യുദ്ധം മുറുകുന്നു, ക്ഷാമമുണ്ടാകുമെന്ന് ആശങ്ക; ഇന്ധനവും ഭക്ഷ്യ എണ്ണയും സംഭരിച്ച് ഇന്ത്യക്കാര്‍
യക്രൈന്‍-റഷ്യ യുദ്ധം മുറുകന്നതിനിടെ ഭക്ഷ്യ എണ്ണയും ഇന്ധനവും സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍. യുദ്ധം കാരണം ഭക്ഷ്യ എണ്ണയുടെ വില ഉയര്‍ന്നിരുന്നു. ഭാവിയിലെ വിലക്കയറ്റവും ക്ഷാമവും മുന്നില്‍ക്കണ്ടാണ് കൂടുതല്‍ വാങ്ങിക്കൂട്ടുന്നത്.എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധനവില വര്‍ധനക്ക് കാരണമാകും. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ രാജ്യത്താകമാനം ഇന്ധനവിലയില്‍ വരും ദിവസങ്ങളില്‍ വന്‍കുതിപ്പുണ്ടാകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യ എണ്ണ വിലയില്‍ 20 ശതമാനത്തിലധികമാണ് വര്‍ധനവാണുണ്ടായത്. ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ ക്ഷാമം സംബന്ധിച്ച വ്യാജ സന്ദേശങ്ങളുംആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുകയാണ്.
സൂര്യകാന്തി എണ്ണ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ 14 ശതമാനമാണ് പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത്. അതേസമയം, പാം, സോയ, റാപ്സീഡ് ഓയില്‍, നിലക്കടല എന്നിവ പോലുള്ള മറ്റ് ഭക്ഷ്യ എണ്ണകളുടെ വിതരണത്തില്‍ പ്രശ്‌നമില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.
ക്രൂഡ് ഓയില്‍വില ബാരലിന് 140 ഡോളര്‍ എത്തിയ സ്ഥിതിക്ക് രാജ്യത്തെ എണ്ണവില ഉയര്‍ന്നേക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം രാജ്യത്ത് എണ്ണവില നവംബര്‍ 4 മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വിലയില്‍ ലിറ്ററിന് 15-20 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വില ഉയരുമെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇന്ധന പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
