Ukraine Crisis :  യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്‍റഗണിന്റെ വക്താവ് ജോണ്‍ കിര്‍ബി പോളിഷ് നീക്കം തള്ളി. ഇത്തരത്തില്‍ ഒരു നീക്കം പോളണ്ട് നടത്തിയാല്‍ അത് നാറ്റോ സഖ്യത്തില്‍ ആശങ്കയുണ്ടാക്കും എന്നാണ് യുഎസ് നിലപാട്.

വാഷിംങ്ടണ്‍: യുക്രൈന് (Ukraine) യുദ്ധവിമാനങ്ങള്‍ (Fighter Plane) നല്‍കാനുള്ള പോളണ്ടിന്‍റെ (Poland) തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക രംഗത്ത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ നിരന്തരം ലോക സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിന് പ്രതികരണമായാണ് അയല്‍ക്കാരായ പോളണ്ട് മിഗ് 25 (MIG25) വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനം എടുത്തത്. റഷ്യന്‍ നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട് തീരുമാനം. എന്നാല്‍ ഇത് സമ്മതിക്കാന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്.

യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്‍റഗണിന്റെ വക്താവ് ജോണ്‍ കിര്‍ബി പോളിഷ് നീക്കം തള്ളി. ഇത്തരത്തില്‍ ഒരു നീക്കം പോളണ്ട് നടത്തിയാല്‍ അത് നാറ്റോ സഖ്യത്തില്‍ ആശങ്കയുണ്ടാക്കും എന്നാണ് യുഎസ് നിലപാട്. യുഎസ് നാറ്റോ വ്യോമതാവളത്തില്‍ നിന്നും യുക്രൈന് സഹായകരമായി യുദ്ധവിമാനങ്ങള്‍ പറക്കുന്നത് ഗുരുതരമായ ആശയക്കുഴപ്പവും പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് പെന്‍റഗണ്‍ വക്താവ് അറിയിച്ചു. എന്നാല്‍ പോളണ്ട് മുന്നോട്ട് വച്ച വ്യോമസഹായം സംബന്ധിച്ച് നാറ്റോ സഖ്യരാജ്യങ്ങളുമായും പോളണ്ടുമായി ചര്‍ച്ച നടത്തും എന്നും യുഎസ് വ്യക്തമാക്കുന്നു.

യുക്രൈന്‍റെ വ്യോമസേനയ്ക്ക് യുദ്ധ വിമാനങ്ങള്‍ നല്‍കി സഹായിക്കണോ എന്നതില്‍ അന്തിമമായ തീരുമാനം പോളണ്ടാണ് എടുക്കേണ്ടത് എന്ന് യുഎസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അത് എത്തിക്കാന്‍ പറയുന്ന പദ്ധതി പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല എന്നാണ് യുഎസ് പറയുന്നത്. നേരത്തെ തന്നെ റഷ്യയ്ക്കെതിരായ പോരാട്ടം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ വ്യോമ സഹായം ആവശ്യമാണെന്ന് യുക്രൈന്‍ പറഞ്ഞിരുന്നു. 

Scroll to load tweet…

സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ ലിവീവിലേക്ക് ; മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യ ഒഴിപ്പിക്കൽ

പോളണ്ട്: യുദ്ധം തുടരുന്ന യുക്രെയ്നിലെ സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ ലിവീവിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെ പൊൾട്ടോവ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷമാണ് വിദ്യാർഥികൾ ലിവീവിലേക്ക് തിരിച്ചത്. പൊൾട്ടോവയിൽ നിന്ന് യാത്ര തിരിച്ച് സുമിയിലെ വിദ്യാർഥികൾ ട്രെയിനിൽ ആണ് ലിവീവിലേക്ക് പുറപ്പെട്ടത്. വിദ്യാർഥികൾ നാളെ പോളണ്ട്‌ അതിർത്തിയിൽ എത്തും. സുമിയിൽനിന്ന് ഒഴിപ്പിച്ച600 ഇന്ത്യൻ വിദ്യാർഥികൾ ആണ് പോൾട്ടോവയിലെത്തി അവിടെ നിന്നും ലിവീവിലേക്ക് തിരിച്ചത്. മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യസുരക്ഷിത ഒഴിപ്പിക്കൽ ആണ് ഇന്ത്യ നടത്തിയത്. ഇന്നും ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ പ്രധാന നഗരങ്ങളിൽ വെടിനിർത്തുമെന്ന്
റഷ്യ അറിയിച്ചിട്ടുണ്ട്

സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ ഇന്നലെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഇടനാഴികളും തുറന്നു നൽകിയ തുടർന്നാണ് ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചശേഷം സുമിയിലെ വിദ്യാർഥികൾ പുറപ്പെട്ടത്. 

റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കു ചേരേണ്ടതില്ല

പോളണ്ട് : റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കു ചേരേണ്ടതില്ലെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകം ഒറ്റക്കെട്ടായി റഷ്യയെ സമ്മർദത്തിലാക്കണമെന്നും ഗലി നിർദേശിച്ചു. യൂറോപ്യൻ യൂണിയൻ യുക്രെയ്ൻ ജനതയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോളണ്ട് അതിർത്തിയായ മെഡിക്കയിൽ എത്തിയതായിരുന്നു യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടി ഗലി