മോസ്കോ: റഷ്യയിലെ ജനവാസ മേഖലയ്ക്ക് സമീപം നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനത്തിന് പിന്നാലെ പ്രവര്‍ത്തനരഹിതമായി റഷ്യയിലെ ന്യൂക്ലിയര്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍. അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് കണികകളുടെ സാന്നിധ്യം അളക്കുന്ന നാല് മോണിറ്ററിങ് സ്റ്റേഷനുകളാണ് ഒരേ സമയം നിലച്ചത്. പരീക്ഷണത്തിനിടെ മിസൈല്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്ഫോടനത്തിന് ശേഷം ന്യൂക്ലിയര്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിലച്ചത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.  

ആഗസ്റ്റ് എട്ടിനാണ് റഷ്യയില്‍ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനത്തില്‍ അഞ്ച് ആണവ വിദഗ്ധര്‍ മരിച്ചത്. പൊട്ടിത്തെറിക്ക് ശേഷം ആണവവികിരണ ചോര്‍ച്ചയുണ്ടായില്ല എന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാല്‍ സ്ഫോടനത്തോടെ അന്തരീക്ഷത്തില്‍ റേഡിയേഷന്‍റെ തോത് വര്‍ധിച്ചിരിക്കുകയാണെന്നാണ് ആണവായുധ പരീക്ഷണങ്ങളെ നിരീക്ഷിക്കുന്ന കോംബ്രിഹന്‍സീവ് ന്യൂക്ലിയര്‍ ടെസ്റ്റ് ബാന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്‍( സിറ്റിബിറ്റിഒ)  വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള 300 ഓളം മോണിറ്ററിങ് സ്റ്റേഷനുകളെ നിരീക്ഷിക്കുന്ന സിറ്റിബിറ്റിഒയില്‍ അമേരിക്കയും റഷ്യയും ഉള്‍പ്പെടെ പങ്കാളികളാണ്. 

സ്ഫോടനത്തിന് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് റഷ്യയിലെ ആണവ നീരീക്ഷണ നിലയങ്ങളായ ഡുബ്നയും കിറോവും കമ്മ്യൂണിക്കേഷന്‍ നെറ്റ്‍വര്‍ക്ക് തകരാറിലാണെന്ന് അറിയിച്ച് പ്രവര്‍ത്തനരഹിതമായത്.  അന്തരീക്ഷത്തില്‍ റേഡിയേഷന്‍ തോത് വര്‍ധിച്ചിട്ടില്ല എന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുചിന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ സ്ഫോടനത്തിന് ശേഷം ഓഗസ്റ്റ് 12-ന് മിസൈല്‍ പരീക്ഷണം നടന്ന ജനവാസ മേഖലയില്‍ നിന്ന് വീണ്ടും ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവ് വന്നതും പിന്നീട് അത് പിന്‍വലിച്ചതും എന്തിനാണെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

ചെര്‍ണോബില്‍ ആണവ നിലയത്തില്‍ സ്ഫോടനമുണ്ടായപ്പോഴും ഇതേ നിലപാട് തന്നെയാണ് സോവിയറ്റ് യൂണിയന്‍ സ്വീകരിച്ചതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. റേഡിയേഷന്‍ പരിശോധനയ്ക്കായുള്ള രണ്ട് സുപ്രധാന ന്യൂക്ലിയര്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ കൂടി നിലച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ഒരു ജനത.