Asianet News MalayalamAsianet News Malayalam

റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തക വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടു

യുക്രൈനില്‍ ജനിച്ച 44 കാരിയായ മറീന ഓവ്‌സ്യാനിക്കോവയാണ് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍. മറീന ഓവ്‌സ്യാനിക്കോവയുടെ പേര് റഷ്യയുടെ 'വാണ്ടഡ് ലിസ്റ്റില്‍'  വന്നതിന് പിന്നാലെയാണ് ഇത്

Russian woman journalist Marina Ovsyannikova who protest on air reportedly escapes from house arrest
Author
First Published Oct 4, 2022, 3:23 AM IST

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ സര്‍ക്കാര്‍ നിയന്ത്രിത ടിവി ചാനലില്‍ തല്‍സമയ വാര്‍ത്താ വായനക്കിടെ പ്രതിഷേധവുമായി എത്തിയ റഷ്യന്‍ മാധ്യമ പ്രവര്‍ത്തക വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രൈനില്‍ ജനിച്ച 44 കാരിയായ മറീന ഓവ്‌സ്യാനിക്കോവയാണ് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറീന ഓവ്‌സ്യാനിക്കോവയുടെ പേര് റഷ്യയുടെ 'വാണ്ടഡ് ലിസ്റ്റില്‍'  വന്നതിന് പിന്നാലെയാണ് ഇത്.

കഴിഞ്ഞ മാര്‍ച്ചിലാണ്  മറീന ഓവ്‌സ്യാനിക്കോവ ലോകശ്രദ്ധ നേടിയത്. റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്‍ വാര്‍ത്താ ചാനലില്‍ ജനപ്രിയ രാത്രി ചര്‍ച്ചയ്ക്കിടെയാണ് മറീന യുദ്ധ വിരുദ്ധ പോസ്റ്ററുമായി സ്റ്റുഡിയോയില്‍ എത്തിയത്. വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്കു പുറകിലായി, യുദ്ധ വിരുദ്ധ ബാനര്‍ ഉയര്‍ത്തി നില്‍ക്കുകയായിരുന്നു മറീന ഓവ്‌സ്യാനിക്കോവ ചെയ്തത്. 'യുദ്ധം വേണ്ട,  യുദ്ധം നിര്‍ത്തുക, നുണപ്രചാരണങ്ങള്‍ വിശ്വസിക്കാതിരിക്കുക, അവര്‍ നിങ്ങളോട് നുണപറയുകയാണ്' എന്നിങ്ങനെ എഴുതിവെച്ച പോസ്റ്ററാണ് മറീന ഉയര്‍ത്തിക്കാട്ടിയത്.

Russian woman journalist Marina Ovsyannikova who protest on air reportedly escapes from house arrest

സംഭവം ലോകമെങ്ങും വാര്‍ത്തയായതോടെ മറീനയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത പുറത്തുവന്നു. റഷ്യന്‍ മാധ്യമങ്ങളാണ് ഇവരുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, അതിനുപിന്നാലെ മറീനയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. യുക്രൈനിനു നേര്‍ക്കുള്ള റഷ്യന്‍ ആക്രമണത്തെ അധിനിവേശം എന്ന് വിളിക്കുന്നതും അങ്ങനെയാണെന്ന വിധത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതും റഷ്യ കുറ്റകരമാക്കിയിരുന്നു. ഈ നിയമം ഉപയോഗിച്ച്  റഷ്യ നിരവധി ആളുകളെയാണ് അറസ്റ്റ് ചെയ്ത് തടവിലിട്ടത്. 15 വര്‍ഷം വരെ തടവിലിടാവുന്ന കുറ്റമാണ് ഇത്. മറീനയ്ക്ക് 30000 റൂബിള്‍ പിഴയും വിധിച്ചിരുന്നു.

ഓഗസ്റ്റ് മാസത്തിലും സമാനമായ രീതിയില്‍ മറീന പ്രതിഷേധിച്ചിരുന്നു. റഷ്യന്‍ സേന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പുടിന്‍ കൊലയാളിയാണെന്നും പുടിന്‍റെ സേന ഫാസിസ്റ്റുകളാണെന്നും പോസ്റ്റര്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ഈ പ്രതിഷേധം. ക്രംലിനില്‍ നടന്ന ഈ ഒറ്റയാള്‍ പ്രതിഷേധത്തിന് ശേഷം മറീനയെ വീട്ടുതടങ്കലിന് വിധിക്കുകയായിരുന്നു. ശനിയാഴ്ചയാണ് മറീനയുടെ ആദ്യ ഭര്‍ത്താവ് ഇവര്‍ വീട്ടുതടങ്കലില്‍ നിന്ന് 11കാരിയായ മകളുമൊത്ത് രക്ഷപ്പെട്ട വിവരം പുറത്തറിയിക്കുന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച മറീനയുടെ പേര് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മറീനയുടെ ചിത്രം സഹിതമാണ് ഓണ്‍ലൈന്‍ വാണ്ടഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios