രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം സാധാരണനിലയിലാകുന്നതിനുള്ള നടപടികൾ തുടരണമെന്നും എസ് ജയശങ്കർ നിർദ്ദേശിച്ചു

ബീജിങ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബീജിങിൽ ചൈനീസ് വൈസ് പ്രസിഡൻറ് ഹാൻ ഷെങുമായുള്ള കൂടിക്കാഴ്ചയിലാണ് എസ്. ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം സാധാരണനിലയിലാകുന്നതിനുള്ള നടപടികൾ തുടരണമെന്നും എസ് ജയശങ്കർ നിർദ്ദേശിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരണമെന്നും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഷാങ്ഹായി സഹകരണ സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ചൈനയ്ക്ക് എല്ലാ പിന്തുണയും എസ് ജയശങ്കർ വാഗ്ദാനം. ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടാക്കിയ ധാരണ നടപ്പാക്കണമെന്ന് ചൈനീസ് വൈസ് പ്രസിഡൻറും നി‍ർദ്ദേശിച്ചു. അതിർത്തിയിലെ സേന പിൻമാറ്റം അടക്കമുള്ള വിഷയങ്ങൾ എസ് ജയശങ്കർ രണ്ടു ദിവസത്തെ സന്ദർശനത്തിൽ ചർച്ച ചെയ്യും.

 ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യമന്ത്രി ചൈനയിലെത്തുന്നത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ചൈന പാകിസ്ഥാനെ സഹായിച്ചതും ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കുന്ന നടപടികളും ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, ചർച്ച വേണ്ടെന്ന് വയ്ക്കാൻ ഇവ കാരണമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

നയതന്ത്ര ബന്ധത്തിൽ തുടരുന്നതിൽ ഇരുരാജ്യങ്ങളും 75വര്‍ഷം പിന്നിട്ടുവെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കൈലാസ് മനസരോവര്‍ യാത്ര പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ ഏറെ സ്വാഗതം ചെയ്യുകയാണ്. ലോക സമ്പദ് വ്യവസ്ഥയിലെ സുപ്രധാന രാജ്യങ്ങളെന്ന നിലയിലും അയൽരാജ്യങ്ങളെന്ന നിലയിലും ഇന്ത്യയ്ക്കും ചൈനിക്കുമിടയിൽ തുറന്ന നിലപാടുകളാണ് വേണ്ടതെന്നും ഇപ്പോഴത്തെ സങ്കീര്‍ണമായ സാഹചര്യത്തിൽ അത് വളരെ പ്രധാന്യമുള്ളതാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.