ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ചർച്ചകളുടെ പുരോഗതി എസ് ജയശങ്കർ കൂടിക്കാഴ്ചയിൽ പരാമർശിച്ചു
ബീജിങ്: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനെ കണ്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബീജിങിൽ ഷാങ്ഹായി സഹകരണ സംഘടന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് എസ് ജയശങ്കർ ചൈനീസ് പ്രസിഡൻറിനെ കണ്ടത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ചർച്ചകളുടെ പുരോഗതി എസ് ജയശങ്കർ കൂടിക്കാഴ്ചയിൽ പരാമർശിച്ചു.
അതിർത്തിയിലെ തർക്കം പരിഹരിക്കണമെന്നും വ്യാപാര രംഗത്ത് ചൈന ഇന്ത്യയ്ക്കു മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും എസ് ജയശങ്കർ ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധറും എസ്സിഒ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനിയിലെത്തുന്നതും പ്രസിഡന്‍റ് ഷി ജിങ്പിങുമായി കൂടിക്കാഴ്ച നടത്തുന്നതും. കഴിഞ്ഞ ദിവസം ബീജിങിൽ ചൈനീസ് വൈസ് പ്രസിഡൻറ് ഹാൻ ഷെങുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.
രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം സാധാരണനിലയിലാകുന്നതിനുള്ള നടപടികൾ തുടരണമെന്നും എസ് ജയശങ്കർ നിർദ്ദേശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരണമെന്നും കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. ഷാങ്ഹായി സഹകരണ സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ചൈനയ്ക്ക് എല്ലാ പിന്തുണയും എസ് ജയശങ്കർ വാഗ്ദാനം. ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടാക്കിയ ധാരണ നടപ്പാക്കണമെന്ന് ചൈനീസ് വൈസ് പ്രസിഡൻറും നിർദ്ദേശിച്ചു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് ചൈന പാകിസ്ഥാനെ സഹായിച്ചതും ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കുന്ന നടപടികളും ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, ചർച്ച വേണ്ടെന്ന് വയ്ക്കാൻ ഇവ കാരണമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

