ഇന്ത്യക്കാർ പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന തുണിസഞ്ചി 4200 രൂപയ്ക്ക് നോർഡ്‌സ്ട്രോം വിൽക്കുന്നു. 

വാഷിംഗ്ടണ്‍: ഇന്ത്യക്കാര്‍ പലചരക്ക് സാധനങ്ങൾ വാങ്ങാനും മറ്റുമായി ഇപയോഗിക്കുന്ന തുണി സഞ്ചി വമ്പൻ വിലയ്ക്ക് വിറ്റ് അമേരിക്കൻ ആഢംബര സ്റ്റോറായ നോർഡ്‌സ്ട്രോം. കമ്പനിയുടെ വെബ്സൈറ്റിൽ ഇന്ത്യൻ സുവനീര്‍ ബാഗ് എന്ന് പേരിട്ട ഈ ഉത്പന്നത്തിന് 48 ഡോളര്‍, അതായത് ഏകദേശം 4,228 രൂപയാണ് വില. ഇത് വിശ്വസിക്കാൻ പ്രയാസമാണെന്ന് തോന്നുമെങ്കിലും ഉയർന്ന വിലയ്ക്കുള്ള തുണി സഞ്ചിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

നോർഡ്‌സ്ട്രോമിന്‍റെ വെബ്സൈറ്റിൽ 4230 രൂപയ്ക്കാണ് ഇന്ത്യൻ സുവനീർ ബാഗ് വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളത്. ജാപ്പനീസ് ബ്രാൻഡായ പ്യൂബ്കോ ആണ് ഉത്പന്നത്തിന്‍റെ നിര്‍മ്മാതാവ്. അതുല്യമായ ഡിസൈനുകളാൽ അലങ്കരിച്ച ഒരു സ്റ്റൈലിഷ് ബാഗ് എന്നാണ് ഈ ഉത്പന്നത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. കൈകൊണ്ട് നിർമ്മിച്ച രൂപകൽപ്പനയും, നിറം മങ്ങാനും പ്രിന്‍റിംഗ് പിഴവുകൾ ഉണ്ടാകാനുമുള്ള സാധ്യതയും വിവരണത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

വെള്ള കോട്ടൺ ബാഗിൽ 'രമേഷ് സ്പെഷ്യൽ നംകീൻ', 'ചേതക് സ്വീറ്റ്സ്' എന്നിങ്ങനെയുള്ള ഹിന്ദി എഴുത്തുകൾ കാണാം. മനോഹരമായ ഒരു രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് നിങ്ങളുടെ അവശ്യവസ്തുക്കൾ കൊണ്ടുപോകാൻ ഇത് അനുയോജ്യമാണ്. ഏതൊരു സഞ്ചാരി അല്ലെങ്കിൽ ഇന്ത്യൻ സംസ്കാരത്തെ സ്നേഹിക്കുന്നവർക്കും ഇത് തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നാണ് എന്നൊക്കെയാണ് ഇന്ത്യൻ സുവനീർ ബാഗിന് നൽകിയിട്ടുള്ള വിവരണം.സോഷ്യൽ മീഡിയ ഉപയോക്താക്കൾ എന്തായാലും ഇന്ത്യൻ സുവനീർ ബാഗിനെ കുറിച്ച് വലിയ ചര്‍ച്ചകൾ നടത്തുന്നുണ്ട്.