സാൻ ഫ്രാൻസിസ്കോയിൽ ലോക്കോ പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടർന്ന് പാസഞ്ചർ ട്രെയിൻ നിയന്ത്രണം വിട്ട് കുലുങ്ങുകയും യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. 

സാൻ ഫ്രാൻസിസ്കോ: ട്രെയിൻ ലോക്കോ പൊലറ്റ് 'ഉറങ്ങിപ്പോയതിനെ' തുടർന്ന് ടണലിൽ നിന്ന് പുറത്തുവന്ന പാസഞ്ചർ ട്രെയിൻ അതിശക്തമായി കുലുങ്ങിയത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഈ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 24 ന് രാവിലെ 8:37-നാണ് സാൻ ഫ്രാൻസിസ്കോ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ഡ്രൈവർ അല്പനേരം മയങ്ങിപ്പോയതിനെ തുടർന്നാണ് അപകടമുണ്ടായത്.

അപകടവും ഡ്രൈവറുടെ പ്രതികരണവും

ഏകദേശം 80 കിലോമീറ്റർ വേഗതയിൽ പോവുകയായിരുന്ന ട്രെയിൻ വളവ് തിരിയുന്നതിനിടെ ശക്തമായി കുലുങ്ങി, ഇതോടെ നിരവധി യാത്രക്കാർ ചുമരുകളിലേക്ക് ഇടിച്ചുവീഴുകയും നിലത്ത് തെന്നി വീഴുകയും ചെയ്തു. ട്രെയിൻ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് കടന്നുപോയ ശേഷം അൽപ്പം മുന്നോട്ട് പോയാണ് പെട്ടെന്ന് നിർത്തിയത്. സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.

സി.സി.ടി.വി. ദൃശ്യങ്ങളിൽ, യാത്രക്കാർ കുലുങ്ങുന്നതിന് തൊട്ടുമുമ്പ് ഡ്രൈവറുടെ കണ്ണ് അടഞ്ഞുപോകുന്നതും തല ഒരു വശത്തേക്ക് ചരിയുന്നതായും കാണാം. പരിഭ്രാന്തരായ യാത്രക്കാരോട് ഡ്രൈവർ, “സമാധാനമായിരിക്കൂ... നമ്മൾ എവിടെയും ഇടിടിച്ചിട്ടില്ല, അപകടമില്ല' എന്ന് ആവർത്തിക്കുകയും ക്ഷമ ചോദിക്കുന്നതും കേൾക്കാം.

പരിശോധനയും നടപടികളും

സംഭവസ്ഥലത്തേക്ക് പാരാമെഡിക്കൽ സംഘം ഉടൻ എത്തി. എസ്.എഫ്.എം.ടി.എ. (SFMTA) അന്വേഷണം ആരംഭിച്ചു. ഡ്രൈവറുടെ ക്ഷീണമാണ് പിഴവിന് കാരണമെന്ന് നവംബർ 10-ന് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ബ്രേക്കുകൾ, ട്രാക്കുകൾ അല്ലെങ്കിൽ മറ്റ് സംവിധാനങ്ങൾ എന്നിവയുടെ പൂർണ്ണ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ഡ്രൈവറെ കൂടുതൽ നടപടികൾക്കായി ഡ്രൈവിംഗ് ചുമതലയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.

ഇതൊരു ഭയാനകമായ അനുഭവമായിരുന്നു എന്ന് ഞങ്ങൾക്കറിയാം... സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന, എന്ന് എസ്എഫ്എംടിഎ ഡയറക്ടർ ജൂലി കിർഷ്ബാം പ്രസ്താവനയിൽ പറഞ്ഞു. ഡ്രൈവറെ 'നോൺ ഡ്രൈവിംഗ് സ്റ്റാറ്റസി'ലേക്ക് മാറ്റിയിട്ടുണ്ടെന്നും ആഭ്യന്തര പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഏജൻസി അറിയിച്ചു. ക്ഷീണം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം കൂടുതൽ ശക്തമാക്കിയതായും, ചില ഭാഗങ്ങളിൽ വേഗത യാന്ത്രികമായി പരിമിതപ്പെടുത്തുന്ന സോഫ്റ്റ്‌വെയറിനായി നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എസ്എഫ്എംടിഎ കൂട്ടിച്ചേർത്തു.

Scroll to load tweet…