സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 19,000 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കർശന പരിശോധന തുടർന്ന് അധികൃതർ. നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

റിയാദ്: രാജ്യത്ത് ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 19,000 നിയമലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. നിലവിൽ ആയിരത്തിലധികം വനിതകൾ ഉൾപ്പെടെ 23,600-ലധികം വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞയാഴ്ച പിടിയിലായവരിൽ ഭൂരിഭാഗവും ഇഖാമ നിയമലംഘകരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരുമാണ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,158 പേരും, രാജ്യം വിടാൻ ശ്രമിച്ച 54 പേരും ഇതിൽ ഉൾപ്പെടുന്നു. പിടിയിലായവരിൽ 16,400 പേരെ യാത്രാരേഖകൾക്കായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ 9,800 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തുനിന്ന് നാടുകടത്തി.

നിയമലംഘകർക്ക് അഭയവും ജോലിയും നൽകി സംരക്ഷിച്ച എട്ടുപേരും പിടിയിലായിട്ടുണ്ട്. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലവും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് മക്ക, മദീന, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, മറ്റ് സ്ഥലങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിളിച്ച് അധികൃതരെ അറിയിക്കാവുന്നതാണ്.