വിമാനയാത്രയിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. ഒരു യാത്രക്കാരന് രണ്ട് പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാനാകൂ. വിമാനത്തിനുള്ളിൽ വെച്ച് ഇവ ഉപയോഗിക്കുന്നതിനോ ചാർജ് ചെയ്യുന്നതിനോ അനുവാദമില്ല.

റിയാദ്: വിമാനയാത്രക്കാർ കൈവശം കരുതുന്ന പവർ ബാങ്കുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ പരിഷ്കാരം. ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും കൈമാറിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പ്രധാന നിബന്ധനകൾ

എണ്ണത്തിൽ നിയന്ത്രണം: ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ.

ചാർജിംഗിന് വിലക്ക്: യാത്രാവേളയിൽ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു.

ഉപകരണങ്ങൾ കണക്ട് ചെയ്യരുത്: വിമാന യാത്രയിലുടനീളം മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാനും പാടില്ല.

ചെക്ക്-ഇൻ ലഗേജിൽ പാടില്ല: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജുകളിൽ (വലിയ പെട്ടികളിൽ) സൂക്ഷിക്കാൻ പാടില്ല.

ശ്രദ്ധിക്കുക: പവർ ബാങ്കുകൾ വിമാന കാബിനിനുള്ളിൽ ഹാൻഡ് ലഗേജായി (Cabin Baggage) മാത്രമേ കൈവശം വെക്കാൻ അനുവാദമുണ്ടാകൂ.

ജീവനക്കാർക്കും ബാധകം

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ പുതിയ നിയമങ്ങൾ വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ബാധകമായിരിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.