ഡ്രോൺ ആക്രമണത്തിൽ തകരാറിലായ സൗദിയിലെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ സർവീസ് പുനരാരംഭിച്ചു. ഹോർമൂസ് കടലിടുക്കിലെ ഭീഷണികൾക്കിടയിൽ ഈ ബദൽ പാത സജ്ജമായത് ആഗോള വിപണിക്ക് വലിയ ആശ്വാസമാണ്.
റിയാദ്: സൗദി അറേബ്യയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ധനകയറ്റുമതി പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച പൈപ്പ്‌ലൈനിൽ നടത്തിയ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് എണ്ണ കയറ്റുമതി പുനഃസ്ഥാപിച്ചതെന്ന് സൗദി അരാംകോ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലെ സമുദ്രപാതയിൽ തടസ്സങ്ങളും ഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ ബദൽ മാർഗ്ഗമായി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ പ്രവർത്തനസജ്ജമായത് ആഗോള വിപണിക്ക് വലിയ ആശ്വാസമാണ്.
പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ കടത്തി വിടാൻ ശേഷിയുള്ളതാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ. ഇതിൽ 20 ലക്ഷം ബാരൽ എണ്ണ സൗദിയുടെ പടിഞ്ഞാറൻ തീരത്തുള്ള റിഫൈനറികളിലേക്കും ബാക്കി ഉയർന്ന അളവ് കയറ്റുമതിക്കുമായാണ് ഉപയോഗിക്കുന്നത്.അറേബ്യൻ ഉൾക്കടലിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയുള്ള സാഹചര്യത്തിൽ സൗദി അറേബ്യയ്ക്ക് പടിഞ്ഞാറൻ ചെങ്കടൽ തീരം വഴി സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാൻ ഈ പാത സഹായിക്കുന്നു. യുഎസും ഇറാനും തമ്മിലുള്ള തർക്കങ്ങളും മേഖലയിലെ സംഘർഷങ്ങളും കാരണം തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 107 ഡോളറിന് മുകളിലായിരുന്നു. പൈപ്പ്‌ലൈൻ പൂർണ്ണ ശേഷിയിലാകുന്നതോടെ എണ്ണവില കുതിച്ചുയരുന്നത് തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.


