പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന അനാബെൽ പാവ പ്രേത ഗവേഷകൻ ഡാൻ റിവേരയുടെ മരണശേഷം ഹോട്ടൽ മുറിയിൽ നിന്ന് കാണാതായി. റിവേരയുടെ മരണകാരണം ഇതുവരെ വ്യക്തമല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരാനിരിക്കുന്നു.

DID YOU
KNOW
?
എന്താണ് അനാബെൽ പാവ?
അനാബെൽ പാവയ്ക്ക് പ്രേതബാധയുണ്ടെന്നും 1970-കൾ മുതൽ നിരവധി അമാനുഷിക പ്രവർത്തനങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു

ഗെറ്റിസ്ബർഗ്: അമാനുഷിക കാര്യങ്ങൾ അന്വേഷിക്കുന്ന ഡാൻ റിവേരയുടെ മരണശേഷം, പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 'അനാബെൽ' പാവ ഹോട്ടൽ മുറിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. 54 വയസുകാരനായ റിവേരയെ ജൂലൈ 13നാണ് ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 'ഡെവിൾസ് ഓൺ ദി റൺ' എന്ന പേരിൽ സോൾജിയേഴ്സ് നാഷണൽ ഓർഫനേജിൽ അദ്ദേഹം നടത്തിയ പ്രേത ടൂറിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ ടൂറിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന് അനാബെൽ പാവയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

റിവേരയുടെ മരണകാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എട്ടോ പത്തോ ആഴ്ചകൾക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, റിവേരയുടെ മരണം സംശയകരമായി തോന്നുന്നില്ലെന്നും ഹോട്ടൽ മുറിയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നുവെന്നും അധികൃതർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിന് എത്തിയവർ റിവേരയെ കണ്ടെത്തുമ്പോൾ പാവ മുറിയിൽ ഉണ്ടായിരുന്നില്ലെന്ന് ആദംസ് കൗണ്ടി കൊറോണർ ഫ്രാൻസിസ് ഡ്യൂട്രോ പറഞ്ഞു.

എന്താണ് അനാബെൽ പാവ?

അനാബെൽ പാവയ്ക്ക് പ്രേതബാധയുണ്ടെന്നും 1970-കൾ മുതൽ നിരവധി അമാനുഷിക പ്രവർത്തനങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ചിന്‍റെ വെബ്സൈറ്റ് അനുസരിച്ച് 1968-ൽ ഒരു നഴ്സിംഗ് വിദ്യാർത്ഥിനിക്ക് സമ്മാനമായി ലഭിച്ചതായിരുന്നു ഈ പാവ.

1970-കളിൽ, കണക്റ്റിക്കട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ഡോണയ്ക്ക് ലഭിച്ചതിന് ശേഷം അനാബെൽ പാവയുമായി ബന്ധപ്പെട്ട് നിരവധി അമാനുഷിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത അമാനുഷിക ഗവേഷകരായ എഡ്, ലോറെയ്ൻ വാറൻ ദമ്പതികൾ പറയുന്നതനുസരിച്ച് പാവ തനിയെ കൈകൾ ഉയർത്തുകയും ആളുകളെ പിന്തുടരുകയും മറ്റ് ഭയാനകവും ദുരുദ്ദേശ്യപരവുമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ പാവ കുത്തുകയും, ഒരു പുരോഹിതനുമായി ബന്ധപ്പെട്ട കാറപകടത്തിന് കാരണമാകുകയും ചെയ്തതായും ദമ്പതികൾ അവകാശപ്പെട്ടിരുന്നു.

ആറ് വയസുകാരിയായ അനാബെൽ എന്ന മരിച്ച പെൺകുട്ടിയുടെ ആത്മാവ് പാവയിൽ പ്രവേശിച്ചതായി വിശ്വസിക്കപ്പെടുന്നു. പാവയ്ക്ക് ഭൂതാവേശം ഉണ്ടെന്ന് വാദിച്ച വാറൻ ദമ്പതികൾ, പിന്നീട് പാവയെ അവരുടെ കണക്റ്റിക്കട്ടിലെ മ്യൂസിയത്തിലേക്ക് മാറ്റി. ഈ പൈശാചിക പാവയാണ് 'ദി കൺജറിംഗ്' എന്ന സിനിമയ്ക്ക് പ്രചോദനമായത്. ഈ വർഷം ആദ്യം, ലൂസിയാനയിലെ ഒരു ജയിൽ ചാട്ടവുമായും തീപിടുത്തവുമായും അനാബെൽ പാവയെ ബന്ധപ്പെടുത്തി ചില ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, പാവ ഒരിക്കലും 'നിയന്ത്രണം വിട്ടിട്ടില്ല' എന്ന് വിദഗ്ധർ പിന്നീട് വ്യക്തമാക്കി.