ഇറാന് മേലുള്ള ഉപരോധം നീക്കുന്നതിന് പകരമായി യുഎസ് സെനറ്റർ ലിൻസി ഗ്രാം കടുത്ത ഉപാധികൾ മുന്നോട്ടുവെച്ചു. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി നിർത്തുക, നിലവിലെ ശേഖരം കൈമാറുക, ഹോർമൂസ് കടലിടുക്കിൽ ഇടപെടാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.  

വാഷിംഗ്ടൺ: ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിന് പകരമായി രാജ്യം പാലിക്കേണ്ട കടുത്ത ഉപാധികൾ സെനറ്റർ ലിൻസി ഗ്രാം മുന്നോട്ടുവെച്ചു. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ, ഇറാൻ വീണ്ടും ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കില്ലെന്ന് ഉറപ്പാക്കാൻ ഈ നിബന്ധനകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുറേനിയം സമ്പുഷ്ടീകരണം വേണ്ട എന്നതാണ് പ്രധാന നിര്‍ദേസം. ഇറാനെ ഭാവിയിൽ ഒരിക്കലും യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവദിക്കരുത്. നിലവിൽ കൈവശമുള്ള യുറേനിയം ശേഖരം മുഴുവൻ യുഎസിന് കൈമാറണം. സിവിലിയൻ ആണവ പദ്ധതികൾ സംബന്ധിച്ച് കരാ‍ര്‍ വേണം. സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതികൾക്ക് പ്രത്യേക കരാർ വെക്കണം. ഇത് അന്താരാഷ്ട്ര ഏജൻസികളുടെ കർശന മേൽനോട്ടത്തിലായിരിക്കണം. ഹോർമൂസ് കടലിടുക്കിൽ ഭാവിയിൽ ഇടപെടരുത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ഗതാഗതത്തിൽ ഭാവിയിൽ ഒരിക്കലും ഇറാൻ ഇടപെടില്ലെന്ന് ഉറപ്പുനൽകണം തുടങ്ങി, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതികൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ വിദേശനയങ്ങളെ പിന്തുണയ്ക്കുന്ന ലിൻസി ഗ്രാം, കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഒരു കരാറും നടപ്പിലാക്കരുത് എന്ന നിലപാടിലാണ്. വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളെ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇറാന്റെ 'ഭീകര ഭരണകൂടത്തിന്' ആയുധം നിർമ്മിക്കാനുള്ള ഒരു പഴുതും സമാധാന കരാറിൽ ഉണ്ടാകരുത് എന്നാണ് ഗ്രാമിന്റെ വാദം.