ഇറാൻ-യുഎസ് സമാധാനചർച്ചകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമാധികാരിയുടെ ഉപദേഷ്ടാവ് മൊഹ്സിൻ റിയാസി. ചർച്ചകൾ വഴിമുട്ടിയെന്നും യുദ്ധം വ്യാപിപ്പിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടെഹ്റാൻ: ഇറാൻ - യുഎസ് സമാധാന ചർച്ചകൾ കടുത്ത പ്രതിസന്ധിയിലെന്ന് ഇറാൻ. ചർച്ചകൾ വഴി മുട്ടിയെന്നും യുദ്ധം വ്യാപിപ്പിക്കാൻ മടിക്കില്ലെന്നും ഇറാൻ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവ് മൊഹ്സിൻ റിയാസി വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് അമേരിക്കന്‍ - ഇറാന്‍ ചര്‍ച്ച കടുത്ത പ്രതിസന്ധിയിലാണെന്നും സംഘർഷം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും മൊഹ്സിൻ റിയാസി വ്യക്തമാക്കി. ചർച്ചകൾ വഴിമുട്ടി. ഇതിന് ട്രംപ് മറുപടി പറയണം, അല്ലെങ്കിൽ കറുത്ത കാലം വരുമെന്നും ഖമനേയിയുടെ ഉപദേഷ്ടാവ് പറയുന്നു. ചർച്ചയോ ധാരണയോ ഉണ്ടാകാത്ത സാഹചര്യത്തിൽ യുദ്ധം വ്യാപിപ്പിക്കാൻ മടിക്കില്ലെന്ന് മൊഹ്സിൻ റിയാസി വ്യക്തമാക്കി.
ചർച്ചകൾ വഴിമുട്ടാൻ കാരണം ട്രംപും അമേരിക്കയുമാണ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഖമനേയിയും തമ്മിൽ നേരിട്ടുള്ള ചർച്ച ഈ സാഹചര്യത്തിൽ നടക്കില്ലെന്നും ഇപ്പോൾ പന്ത് ട്രംപിന്‍റെ കോർട്ടിലെന്നും ഖമനേയിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി. ഇറാൻ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുമായി ഭാവിയിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനും പുതിയൊരു കരാറിലെത്താനുമുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം.
ഇറാനുമായുള്ള ചർച്ചകൾ നിലവിൽ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇരുരാജ്യങ്ങൾക്കും അനുകൂലമായ ഒരു മികച്ച കരാറിലേക്ക് കാര്യങ്ങൾ എത്താറായിട്ടുണ്ടെന്നുമായിരുന്നു ട്രംപിന്‍റെ അവകാശവാദം. എന്നാൽ ഈ സാധ്യത തള്ളുകയാണ് ഇറാൻ. അതിനിടെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുനേരെ നടന്ന വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്കൻ സേനാ കോപ്റ്ററുകളുള്ള വ്യോമത്താവളമാണ് ആക്രമിച്ചത്. ഇറാന്റെ ഷഹീദ് ഡ്രോണുകൾ വെളുത്തതാണെന്നും കുവൈത്തിൽ പതിച്ചത് യുഎസ് ആർക്യു 170 സെന്റിനൽ ഡ്രോണിനോടു സാമ്യമുള്ള കറുത്തവയാണെന്നുമാണ് ഇറാൻ ആരോപിക്കുന്നത്. എന്നാൽ ഈ വാദം അമേരിക്ക നിഷേധിച്ചിട്ടുണ്ട്.


