മ്യാൻമറിൽ ഉഗ്ര സ്ഫോടനത്തിൽ 55 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഷാൻ സംസ്ഥാനത്തെ നാംഖാം ടൗൺഷിപ്പിലെ കൗങ് ടാറ്റ് ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ ആണ് അപകടം. 

യാങ്കൂൺ: മ്യാന്മറിൽ വിമതസേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി മരണം. 55 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 25 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഖനനത്തിനും ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് മേഖല നിയന്ത്രിക്കുന്ന താങ് നാഷണൽ ലിബറേഷൻ ആർമി പറഞ്ഞു. രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ പോരാട്ടം നടത്തുന്ന പ്രബല വിമതസേനയാണ് താങ് നാഷണൽ ലിബറേഷൻ ആർമി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷാൻ സംസ്ഥാനത്തെ നാംഖാം ടൗൺഷിപ്പിലെ കൗങ് ടാറ്റ് ഗ്രാമത്തിൽ ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഭവം. സ്ഫോടനത്തെ തുടർന്ന് നിരവധി ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും പരിക്കേറ്റതായും വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും താങ് നാഷണൽ ലിബറേഷൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഗ്രാമത്തിന് മീതെ വലിയ രീതിയിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വടക്കുകിഴക്കൻ മ്യാൻമാറിൽ ചൈനീസ് അതിർത്തിയോട് ചേർന്ന സംസ്ഥാനമാണ് ഷാൻ. പ്രാദേശിക മാധ്യമത്തിൻ്റെ റിപ്പോർട്ട് പ്രകാരം, സ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 46 ഓളം പേർക്ക് ജീവൻ നഷ്ടമായി. 70ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

നാട്ടുകാർക്ക് സ്ഫോടനമാണെന്ന് ആദ്യഘട്ടത്തിൽ മനസ്സിലായിരുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ ഒരാൾ കുറിച്ചു. നടന്നത് വ്യോമാക്രമണം ആണെന്ന് ചിലർ കരുതിയിരുന്നതായി പോസ്റ്റിലുണ്ട്. മരണപ്പെട്ടവരിൽ കുട്ടികൾ ഉൾപ്പെടുന്നതായും നൂറുകണക്കിന് വീടുകൾ തകർന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കി. ജനവാസമേഖലയോട് ചേർന്ന് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനെതിരെ ചിലർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കൃത്യമായ മരണസംഖ്യയോ അപകടകാരണമോ ഇതുവരെ വ്യക്തമായിട്ടില്ല.