ശനിയാഴ്ച രാത്രി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ആഴ്‌സണലിനെ തകർത്താണ് പി.എസ്.ജി തങ്ങളുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്.

പാരീസ്: കളി ഭ്രാന്തിൽ കത്തി ഫ്രാൻസ്. ഫുട്ബോൾ ആരാധകരും പൊലീസും തമ്മിൽ രാജ്യ വ്യാപക തെരുവുയുദ്ധം. 219 പേർക്ക് പരിക്ക്, 9 പേരുടെ നില ഗുരുതരമാണ്. ആരാധകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെ പാരീസിൽ ട്രെയിൻ, ബസ് ഗതാഗതം താറുമാറായി. അക്രമ സംഭവങ്ങളിൽ 780 പേർ അറസ്റ്റിലായി. 480 പേർ കസ്റ്റഡിയിലാണ്. ചാമ്പ്യൻസ് ലീഗിൽ പാരീസ് സെയിൻ്റ് ജെർമയിൻ വിജയിച്ചതിന് പിന്നാലെയാണ് വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനെ പരാജയപ്പെടുത്തിയാണ് പാരീസ് സെന്റ് ജെർമെയ്ൻ കിരീടം നേടിയതിന് പിന്നാലെ ഫ്രാൻസിൽ വൻ തോതിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. ശനിയാഴ്ച രാത്രി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ആഴ്‌സണലിനെ തകർത്താണ് പി.എസ്.ജി തങ്ങളുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ പാരീസിലും ഫ്രാൻസിലെ മറ്റ് പ്രധാന നഗരങ്ങളിലും ആരാധകർ തെരുവിലിറങ്ങി ആഘോഷം തുടങ്ങുകയും ഇത് പിന്നീട് കടുത്ത സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവവുമായി ബന്ധപ്പെട്ട് 480 പേരെ പാരീസ് മേഖലയിൽ നിന്ന് മാത്രമാണ് പിടികൂടിയത്. അറസ്റ്റിലായവരിൽ 82 ഓളം പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നുണ്ട്. പാരീസിലെ പ്രശസ്തമായ ഷാംപ്സ് എലീസ് പ്രദേശത്തും ഫൈനൽ മത്സരം വലിയ സ്‌ക്രീനുകളിൽ തത്സമയം കാണാൻ നാൽപ്പതിനായിരത്തോളം ആരാധകർ ഒത്തുകൂടിയ പി.എസ്.ജിയുടെ ഹോം സ്റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിന് സമീപവുമാണ് പ്രധാനമായും അക്രമങ്ങൾ അരങ്ങേറിയത്. ആഘോഷങ്ങൾക്കിടയിൽ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ ഒരു വിഭാഗം ആരാധകർ കടകൾ അടിച്ചുതകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ക്രമസമാധാനപാലനത്തിന് നിയോഗിച്ച സുരക്ഷാ ജീവനക്കാർക്ക് നേരെ പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിഞ്ഞ ആരാധകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അക്രമത്തിൽ 57 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്, എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പാരീസിലെ എട്ടാം അറേൻഡിസ്‌മെന്റിലുള്ള ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വരെ ഒരു സംഘം ശ്രമിച്ചെങ്കിലും പോലീസ് ഇവരെ ശക്തമായി നേരിട്ട് തുരത്തി. നഗരത്തിന് ചുറ്റുമുള്ള പ്രധാന റിംഗ് റോഡ് ഉപരോധിക്കാനുള്ള ശ്രമങ്ങളും പൊലീസ് തടഞ്ഞു.

പാരീസിന് പുറമെ ഫ്രാൻസിലെ മറ്റ് 15 ഓളം നഗരങ്ങളിലും സമാനമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ പാരീസിലെ ഒരു റെസ്റ്റോറന്റിന്റെ ടെറസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞ വർഷം പി.എസ്.ജി ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടിയപ്പോഴും ഫ്രാൻസിൽ വലിയ രീതിയിലുള്ള അക്രമങ്ങളും അറസ്റ്റും നടന്നിരുന്നു. ഇത്തവണ നഗരത്തിൽ സുരക്ഷയ്ക്കായി 22,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും അക്രമങ്ങൾ പൂർണ്ണമായി തടയാനായില്ല. എങ്കിലും നിലവിൽ സാഹചര്യങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ഐഫൽ ടവറിന് സമീപം ആസൂത്രണം ചെയ്തിട്ടുള്ള ടീമിന്റെ വിജയ ആഘോഷങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം