പ്രദേശത്തെ പ്രധാന പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായതോടെ മൂര്‍ഖന്‍ ഉള്‍പ്പെടെ എണ്ണൂറിലധികം പാമ്പുകളാണ് പുറത്തുചാടിയത്.  പാമ്പ് കടിയേറ്റ് ഒരു സ്ത്രീ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബീജിംഗ്: കനത്ത മഴയെത്തുടര്‍ന്ന് പ്രളയക്കെടുതിയിലായ ചൈനീസ് നഗരത്തില്‍ ഭീതി പടര്‍ത്തി ആയിരക്കണക്കിന് പാമ്പുകള്‍. ചൈനയിലെ ഹെങ്ഷൗ നഗരത്തിലാണ് പ്രളയത്തോടൊപ്പം പാമ്പുകളും ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണ ചൈനയില്‍ ആഞ്ഞടിച്ച മെയ്സാക് ടൈഫൂണിനെ തുടര്‍ന്നുണ്ടായ കടുത്ത പ്രളയത്തിലാണ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും മൃഗശാലകളില്‍ നിന്നും വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയത്. പ്രളയക്കെടുതിയില്‍ ഇതുവരെ 39 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിലവിലെ അടിയന്തര സാഹചര്യം നേരിടാന്‍ ചൈനീസ് ഭരണകൂടം പ്രത്യേക പാമ്പുപിടുത്ത സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടായിരത്തിലധികം പാമ്പുകളെ പിടികൂടിയതായി സിവിലിയന്‍ റെസ്‌ക്യൂ ടീം അറിയിച്ചു.

പ്രളയജലത്തിലൂടെ തലയുയര്‍ത്തി നീന്തുന്ന പാമ്പുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ്. പ്രദേശത്തെ പ്രധാന പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായതോടെ മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള എണ്ണൂറിലധികം മാരക വിഷമുള്ള പാമ്പുകളാണ് പുറത്തുചാടിയത്. വെള്ളപ്പൊക്കത്തിനിടയില്‍ പാമ്പ് കടിയേറ്റ് ഒരു സ്ത്രീ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോഡുകള്‍ വെള്ളത്തിനടിയിലായതിനാല്‍ കൃത്യസമയത്ത് ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കാത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണമാകുന്നത്.

പാമ്പുകള്‍ മാത്രമല്ല, പ്രദേശത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഗുയിഗാങ് മൃഗശാലയില്‍നിന്നും ഒട്ടേറെ വന്യമൃഗങ്ങളും പുറത്തുചാടിയിട്ടുണ്ട്. രണ്ട് സീബ്രകള്‍, മൂന്ന് കുതിരകള്‍, കഴുതകള്‍, ഒട്ടകപ്പക്ഷികള്‍ എന്നിവയാണ് നഗരത്തിലൂടെ ഓടിനടക്കുന്നത്. മൃഗങ്ങള്‍ ഭയന്നുവിറച്ചിരിക്കുകയാണെന്നും ഇവ അക്രമാസക്തരാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മൃഗശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വന്യമൃഗങ്ങളെ കൂട്ടിലിടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് സിംഹങ്ങള്‍ വെള്ളംപൊങ്ങി ചത്തതായും മൃഗശാലാ ഉടമ വ്യക്തമാക്കി. കൂടാതെ പതിനാറായിരത്തിലധികം പന്നികളും പ്രളയത്തില്‍ ഒഴുക്കിക്കൊണ്ടുപോയിട്ടുണ്ട്.

ചൈനയുടെ 'ജാസ്മിന്‍ തലസ്ഥാനം' എന്നറിയപ്പെടുന്ന ഹെങ്ഷൗ ഔഷധ ആവശ്യങ്ങള്‍ക്കായി പാമ്പുകളെ വന്‍തോതില്‍ വളര്‍ത്തുന്ന കേന്ദ്രം കൂടിയാണ്. ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടുപടിക്കല്‍ പാമ്പുകളെ അകറ്റുന്ന പൊടികള്‍ വിതറാനും, കാട്ടുപൊന്തകളില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കാനും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.