കഴിഞ്ഞദിവസമാണ് കരീബിയൻ രാജ്യമായ സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയുള്ള എംവി റോയാഡ് മമ്മാഡോവ് എന്ന കപ്പലിന് നേരേ കരിങ്കടലിൽ ആക്രമണമുണ്ടായത്. കരീബിയൻ രാജ്യത്തിന്റെ പതാകയുള്ള കപ്പലാണെങ്കിലും ഇത് തുർക്കിയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
ബുക്കാറസ്റ്റ്: കരിങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതർ. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഇവരിൽ ഒരാൾക്ക് വൈദ്യസഹായം നൽകിവരുന്നതായും റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞദിവസമാണ് കരീബിയൻ രാജ്യമായ സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയുള്ള എംവി റോയാഡ് മമ്മാഡോവ് എന്ന കപ്പലിന് നേരേ കരിങ്കടലിൽ ആക്രമണമുണ്ടായത്. കരീബിയൻ രാജ്യത്തിന്റെ പതാകയുള്ള കപ്പലാണെങ്കിലും ഇത് തുർക്കിയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ കപ്പലിലെ രണ്ട് ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ കപ്പലിലെ ജീവനക്കാരെ കഴിഞ്ഞദിവസം തന്നെ ചികിത്സയ്ക്കായി റൊമാനിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ മൂന്ന് നാവികരും സുരക്ഷിതരാണ്. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആശുപത്രി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര സംസാരിച്ചതായും എംബസി അറിയിച്ചു.


