വിമാനത്താവളത്തിലെ ചെക്ക്-ഇന്‍ ഡെസ്കിലെത്തിയപ്പോഴും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തു‍ടര്‍ന്നാണ് ദമ്പതികള്‍ ബോര്‍ഡിങ് ഗേറ്റിലേക്ക് പോയത് എന്നാല്‍ അവിടെയെത്തിയപ്പോഴാണ് യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് അറിയുന്നത്. 

ലണ്ടന്‍: നിസ്സാരമായ ഒരു ചായക്കറ ജീവിതത്തില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കാം? വിമാനയാത്ര വരെ മുടങ്ങാം എന്നാണ് യുകെ ദമ്പതികള്‍ക്ക് പറയാനുള്ളത്. 

പാസ്പോര്‍ട്ടിലൊന്നില്‍ വീണ ചായക്കറ മൂലം റയാന്‍ എയര്‍ ജീവനക്കാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇവരെ പുറത്താക്കിയതായും യാത്ര നിഷേധിച്ചതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനിലെ കോസ്റ്റ ബ്രാവയിലേക്ക് ഒരാഴ്ചത്തെ യാത്ര പുറപ്പെടാനിരുന്നതാണ് റോറി അല്ലനും നിന വില്‍കിന്‍സും. ജൂലൈ ഏഴിനാണ് സംഭവം ഉണ്ടായത്. ബോര്‍ഡിങ് ഗേറ്റിലെത്തിയ അവരെ പാസ്പോര്‍ട്ടിലെ നിറവ്യത്യാസത്തിന്‍റെ പേരില്‍ തിരിച്ചയയ്ക്കുകയായിരുന്നു. അത് വെറുമൊരു ചായക്കറയാണ് - അല്ലന്‍ പറഞ്ഞു.

യാത്രക്കായി ഈസ്റ്റ് മിഡ് ലാന്‍ഡ് എയര്‍പോര്‍ട്ടിലെത്തിയ ദമ്പതികള്‍ റയാന്‍ എയര്‍ ചെക്ക്-ഇന്‍ ഡെസ്കില്‍ തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ കാണിച്ചു. എന്നാല്‍ ഒരു പ്രശ്നവും ചൂണ്ടിക്കാണിച്ചില്ല. ബോര്‍ഡിങ് ഗേറ്റിലെത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായതെന്നും അവര്‍ പറയുന്നു. റയാന്‍ എയര്‍ മാനേജര്‍ വില്‍കിന്‍സിന്‍റെ പാസ്പോര്‍ട്ട് പരിശോധിക്കുകയും ചായക്കറ ഉള്ളത് കൊണ്ട് വിമാനത്തില്‍ കയറാനാകില്ലെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഇത് തന്നെ ഞെട്ടിച്ചെന്നും ഇതേ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഈ വര്‍ഷം തന്നെ വിദേശയാത്ര നടത്തിയതാണെന്നും അലന്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഇതേ പാസ്പോര്‍ട്ട് ഉപയോഗിച്ച് വില്‍കിന്‍സ് ജെറ്റ്2 വിമാനത്തില്‍ യാത്ര ചെയ്തതായും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also - ആര്‍ക്കും സംശയമൊന്നുമില്ലല്ലോ അല്ലേ, കൂളായി നടന്നു; എയര്‍പോര്‍ട്ടിൽ പിടിവീണു, ലഗേജുകൾക്കിടയിൽ 14 കിലോ കഞ്ചാവ്

എന്നാല്‍ പാസ്പോര്‍ട്ടിലെ ഈ നിറവ്യത്യാസം കാരണമാണ് യാത്ര നിഷേധിച്ചതെന്നും ഇഅത് തങ്ങള്‍ ഉണ്ടാക്കിയ നിയമമല്ല, മറിച്ച് യുകെ പാസ്പോര്‍ട്ട് ഓഫീസ് നിഷ്കര്‍ഷിക്കുന്ന നിയമം ആണെന്നുമാണ് റയാന്‍ എയര്‍ അധികൃതരുടെ വിശദീകരണം. പാസ്പോര്‍ട്ട് കേടുവന്നതാണെന്നും അതിനാല്‍ തന്നെ യാത്രയ്ക്ക് സാധുവായതല്ലെന്നും റയാന്‍ എയര്‍ വക്താവ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം