പ്രതിരോധ സേനയുടെ 11.9 ശതമാനമാണ് വനിതാ ഉദ്യോഗസ്ഥർ. 16300 വനിതകളാണ് സായുധ സേനാ മേഖലയിലുള്ളത്.
ബ്രിട്ടൻ: ബ്രിട്ടീഷ സൈന്യത്തിലെ മൂന്നിൽ രണ്ട് ശതമാനം വനിതകളും കഴിഞ്ഞ വർഷം ലൈംഗികാതിക്രമം നേരിട്ടതായി സർവേ ഫലം. ബ്രിട്ടീഷ് സൈനികരായ സ്ത്രീകളിൽ പത്തിൽ ഒന്ന് എന്ന കണക്കിന് ലൈംഗികാതിക്രമത്തിന് വിധേയ ആവേണ്ടി വന്നിരിക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സർവേ വിശദമാക്കുന്നത്. സായുധ സേനയിലെ വനിതകൾക്ക് നേർക്കുള്ള ലൈംഗിക അതിക്രമങ്ങൾ വിലയിരുത്താനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ സർവേയിലാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. തങ്ങൾ ഇഷ്ടപ്പെടാത്ത തരത്തിൽ പുരുഷ ഉദ്യോഗസ്ഥർ സ്പർശിച്ചതായാണ് സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് ഭാഗവും വിശദമാക്കിയിട്ടുള്ളത്. കര, നാവിക, വ്യോമ സേനയിലെ വനിതാ ഉദ്യോഗസ്ഥർക്കിടയിലാണ് സർവേ നടത്തിയത്.
ഒരു തരത്തിലും അംഗീകരിക്കാൻ ആവാത്ത കാര്യങ്ങളാണ് സർവേയിൽ നിന്ന് മനസിലാക്കാനായതെന്നാണ് പ്രതിരോധ മന്ത്രി ലൂയിസ് സാൻഡേർ ജോൺസ് വിശദമാക്കിയത്. പ്രശ്നത്തിന്റെ മൂല കാരണത്തിലെത്തി പരിഹാരം കാണണമന്നാണ് മന്ത്രി വിശദമാക്കിയത്. അംഗീകരിക്കാത്ത രീതിയിലുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നാവിക സേനയിലും കരസേനയിലും വ്യോമ സേനയിലും അടുത്ത വർഷം ഇടപെടലുകളുണ്ടാവുമെന്നും മന്ത്രി വിശദമാക്കി. ഒക്ടോബറിൽ മുൻ സൈനികനായ ഒരാൾ 19 വയസുള്ള ഉദ്യോഗസ്ഥയെ പീഡിപ്പിച്ചതിന് ആറ് മാസം ജയിലിൽ ആയിരുന്നു. പരാതി വേണ്ട വിധത്തിൽ അന്വേഷിച്ചില്ലെന്ന് ആരോപിച്ച് 19കാരിയായ സൈനിക ഉദ്യോഗസ്ഥ ജീവനൊടുക്കിയിരുന്നു.
67 ശതമാനം വനിതാ ഉദ്യോഗസ്ഥരും ഏതെങ്കിലും രീതിയിലുള്ള ലൈംഗികാതിക്രമം നേരിട്ടതായി സർവേ
പ്രതിരോധ സേനകളിലെ 67 ശതമാനം വനിതാ ഉദ്യോഗസ്ഥരും ഏതെങ്കിലും രീതിയിലുള്ള ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. 8 ശതമാനം ഉദ്യോഗസ്ഥരാണ് താൽപര്യമില്ലാത്ത ലൈംഗിക ആക്രമണം കഴിഞ്ഞ വർഷം മാത്രം നേരിട്ടതായി പ്രതികരിച്ചിട്ടുള്ളത്. അസ്വസ്ഥരാക്കുന്ന രീതിയിൽ ശരീരത്തിൽ സ്പർശനമേറ്റതായി പ്രതികരിക്കുന്നത് 32 ശതമാനം ഉദ്യോഗസ്ഥകളാണ്. 21ശതമാനം ഉദ്യോഗസ്ഥർക്ക് അശ്ലീല സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. 42 ശതമാനം ഉദ്യോഗസ്ഥകളും അശ്ലീല നോട്ടം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പരാതികളുമായി ഉദ്യോഗസ്ഥകൾ മുന്നിലേക്ക് വരാനുള്ള അനുകൂല സാഹചര്യങ്ങളുണ്ടെന്നും സർവേ വിശദമാക്കുന്നത്.
ഔദ്യോഗികമായി 12 ശതമാനം പേർ പരാതിപ്പെട്ടപ്പോൾ 20 ശതമാനം പേർ അനൗദ്യോഗികമായാണ് പരാതിപ്പെട്ടിട്ടുള്ളത്. പത്ത് ശതമാനം ഉദ്യോഗസ്ഥകൾ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. 18 ശതമാനം പീഡനങ്ങളും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും 13 ശതമാനം പുരുഷൻമാരിൽ നിന്നുമാണ് എന്നും സർവേയിൽ വ്യക്തമാവുന്നത്. മൊത്തം പ്രതിരോധ സേനയുടെ 11.9 ശതമാനമാണ് വനിതാ ഉദ്യോഗസ്ഥർ. 16300 വനിതകളാണ് സായുധ സേനാ മേഖലയിലുള്ളത്. 2022 ജൂലൈയിൽ പൂർത്തിയായെങ്കിലും മൂന്ന് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നത്.


