ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്ന് മകളെ തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്തെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. തന്നെ ആരും തട്ടിക്കൊണ്ടുപോകുകയോ നിര്‍ബന്ധപൂര്‍വ്വംമതംമാറ്റുകയോ ചെയ്തിട്ടില്ലെന്നാണ് 19കാരിയായ ജഗ്ജീത് കൗറിന്‍റെ വെളിപ്പെടുത്തല്‍. കോടതയിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. 

''ഞാനൊരു സ്വതന്ത്രവ്യക്തിയാണ്. എനിക്ക് 19 വയസ്സായി. ഓഗസ്റ്റ് 28ന് മുഹമ്മദ് ഹസ്സന്‍ എന്ന ആളുമായി എന്‍റെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം നടന്നു. എന്‍റെ സിഖ് പേര് ജഗ്ജിത് കൗര്‍ എന്നാണ്. ഇസ്ലാം മതം സ്വീകരിച്ചതോടെ ഇത് ആയിഷ എന്ന് മാറ്റിയിട്ടുണ്ട്. ആരും എന്നെ തട്ടിക്കൊണ്ടുപോകുകയോ ലൈംഗകമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. സ്വര്‍ണമോ പണമോ ഞാന്‍ വീട്ടില്‍ നിന്ന് എടുത്തിട്ടില്ല. മൂന്ന് ജോ‍ഡി വസ്ത്രം മാത്രമെടുത്താണ് ഞാന്‍ വീട് വിട്ടിറങ്ങിയത്. എഫ്ഐആറില്‍ കുറ്റം ആരോപിച്ചിരിക്കുന്നവര്‍ നിരപരാദികളാണ്. എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണ് '' - പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. 

തനിക്ക് കുടുംബത്തില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി ലാഹോര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുമുണ്ട്. മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും നിര്‍ബന്ധപൂര്‍വ്വം മുസ്ലീം യുവാവുമായി വിവാഹം നടത്തിയെന്നുമുള്ള ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസഥാനിലെ നങ്കനയിലാണ് സംഭവം നടന്നത്. 

ശിരോമണി അകാലിദള്‍ എംഎല്‍എ മഞ്ജിന്ദര്‍ സിംഗ് സിര്‍സ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയെന്നും നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നതായിരുന്നു വീഡിയോ. സംഭവം അറിഞ്ഞതോടെ സിഖുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.