ഫ്ലോറിഡ: കടലില്‍ മുങ്ങുന്ന കപ്പലിന്‍റെ വീഡിയോ ദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ വൈറലാണ്. എന്തിനാണ് ഇങ്ങനെ ഒരു കപ്പല്‍ മുക്കി കളയുന്നതെന്ന് പലരും സംശയിച്ചിട്ടുണ്ടാകാം. വ്വൊസി ബെനഡെറ്റ എന്ന കാര്‍ഗോ കപ്പലാണ് അമേരിക്കയിലെ ഫ്ലോറിഡയിലെ ഫോര്‍ട്ട് പിയേഴ്സ് ഇന്‍ലെന്‍റന്‍ തീരത്ത് മുക്കിയത്. 

180 അടി നീളമുള്ള കപ്പലില്‍ 200 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബ് നിറച്ചാണ് കപ്പല്‍ മുക്കിയത്. അരമണിക്കൂര്‍ സമയമെടുത്താണ് കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയത്. 180ഓളം ബോട്ടുകളില്‍ ആളുകളെത്തിയിരുന്നു ഈ കപ്പല്‍ മുങ്ങുന്നത് കാണാനെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1965ലാണ് ഈ കാര്‍ഗോ കപ്പല്‍ നിര്‍മ്മിച്ചത്. 2018 ല്‍ 241 കോടി വിലമതിക്കുന്ന 900 കിലോ ഗ്രാം കൊക്കൈന്‍ കടത്തിയതിന് കപ്പല്‍ യുഎസ് കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. കടലില്‍ മുക്കിയ കപ്പല്‍ ഡൈവിംഗ് സ്പോട്ടായി മാറ്റാനാണ് തീരുമാനം.