അൾജീരിയയിലെ പാകിസ്ഥാൻ എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടതായി വക്താവ് അസിം ഇഫ്തിഖർ അഹമ്മദ് വിശദീകരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ എംബസിയുടെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ (Social Media Accounts) ഹാക്ക് (Hacked) ചെയ്യപ്പെട്ടു. അൾജീരിയയിലെ പാക്കിസ്ഥാൻ എംബസിയുടെ (Embassy Of Pakistan In Algeria) സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അൾജീരിയയിലെ പാക്കിസ്ഥാൻ എംബസിയുടെ അക്കൗണ്ടുകളിൽ നിന്ന് പോസ്റ്റുചെയ്യുന്ന സന്ദേശങ്ങൾ എംബസിയിൽ നിന്നുള്ളതല്ലെന്ന മുന്നറിയിപ്പും അദ്ദേഹം ജനങ്ങൾക്ക് നൽകി. ഇന്ന് വൈകുന്നേരത്തോടെയാണ് ഹാക്കിങ് സംബന്ധിച്ച വിവരം പാക്കിസ്ഥാൻ പുറത്തുവിട്ടത്. അൾജീരിയയിലെ പാകിസ്ഥാൻ എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം (Twitter Facebook Instagram) അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടതായി വക്താവ് അസിം ഇഫ്തിഖർ അഹമ്മദ് വിശദീകരിച്ചിട്ടുണ്ട്.

Scroll to load tweet…

പാക്കിസ്ഥാൻ എംബസികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2021 ഡിസംബറിൽ അർജന്റീനയിലെ പാകിസ്ഥാൻ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടിരുന്നു. അന്ന് എംബസിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. അർജന്റീനയിലെ പാകിസ്ഥാൻ എംബസിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അക്കൗണ്ടിലൂടെ കടന്നുപോകുന്ന എല്ലാ സന്ദേശങ്ങളും അർജന്റീനയിലെ പാകിസ്ഥാൻ എംബസിയിൽ നിന്നുള്ളതല്ലെന്നായിരുന്നു അന്നത്തെ അറിയിപ്പ്. സമാനമാണ് അൾജീരയൻ എംബസിയുടെ അക്കൗണ്ടുകളിലും സംഭവിച്ചിരിക്കുന്നത്.