ട്രംപും പാക് സൈനിക മേധാവിയും കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് പാകിസ്ഥാൻ പുറത്തിറക്കിയ പ്രസ് റിലീസ് വിവാദമാകുന്നു. എഐ ഉപയോഗിച്ചെഴുതിയ പ്രസ്താവനയിലെ ഭാഷ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസ വിഷയമാകുകയാണ്.
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും നടത്തിയ ചർച്ച എക്സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും നിറയുകയാണ്. ബുധനാഴ്ച്ച വൈറ്റ് ഹൗസിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച്ചകളിലെ നയതന്ത്രപരമായ പ്രാധാന്യത്തിനപ്പുറം പാകിസ്ഥാന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പുറത്തിറക്കിയ പ്രസ്താവനയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെച്ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.
‘രാഷ്ട്രീയം” മുതൽ “ദീർഘകാല നയതന്ത്ര ഒത്തുചേരൽ’ വരെ ‘ആഗോള സമൂഹം നേരിടുന്ന വെല്ലുവിളികൾ’ ( From “statesmanship” to “long-term strategic convergence” to “multifaceted challenges faced by the global community,”) എന്നൊക്കെയാണ് റിലീസിൽ നൽകിയിരിക്കുന്നത്. റിലീസിന്റെ ഏകദേശം 60% വും ഒരു നയതന്ത്ര രേഖയെന്നതിലപ്പുറം എഐ സൃഷ്ടിയാണെന്നാണ് മനസിലാകുന്നതെന്ന് വിമർശകരും നിരൂപകരും ചൂണ്ടിക്കാട്ടുന്നു.

‘നിങ്ങളുടെ രാജ്യത്തിനുവേണ്ടി ലോകം മുഴുവൻ കാണുന്ന ഒരു പ്രസ്താവന പുറത്തിറക്കാൻ എഐ ഉപയോഗിക്കുന്നതിനെപ്പറ്റി ചിന്തിച്ചു നോക്കൂ, ജസ്റ്റ് പാകിസ്ഥാൻ തിങ്സ്’ എന്നാണ് സംഭവത്തെക്കുറിച്ച് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. ഒരു യുദ്ധം തോൽക്കുകയും മറ്റൊരു രാജ്യത്തിന്റെ സൈനികാഭ്യാസത്തെ സ്വന്തം സൈനിക നടപടിയായി ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഒരു നിരക്ഷര രാജ്യത്ത് നിന്ന് കൂടുതലെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ചോദിച്ച് ഒരാൾ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു. ഇത്തരത്തിൽ എഐ വാർത്താക്കുറിപ്പിനെക്കുറിച്ച് വലിയ വിമർശനങ്ങളാണ് എക്സിലൂടെ ഉയരുന്നത്.
എന്നാൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയതിന് കാരണം, ഇന്ത്യ- പാക് സംഘർഷം യുദ്ധത്തിലേക്കെത്താതിരുന്നതിന് കാരണമായത് ട്രംപ് ആയതു കൊണ്ടാണെന്നാണ് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ പ്രതികരിച്ചത്. ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അസിം മുനീർ ശുപാർശ ചെയ്തുവെന്ന വാർത്തകളും പുറത്തു വരികയാണ്. കഴിഞ്ഞ മാസം നടന്ന ഇന്ത്യ - പാകിസ്ഥാൻ സംഘർഷം ആണവ യുദ്ധത്തിൽ എത്താതെ തടഞ്ഞത് ട്രംപാണെന്ന് അവകാശപ്പെട്ടാണ് ഈ ശുപാർശയെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണയിൽ മറ്റൊരു രാജ്യത്തിനും പങ്കില്ലെന്ന് ഇന്ത്യ ആവർത്തിച്ച് പറയുന്ന വേളയിലാണ് ട്രംപിന്റെയും അസിം മുനീറിന്റെയും കൂടിക്കാഴ്ച്ചയും നൊബേൽ ശുപാർശയും വരെ വലിയ ചർച്ചയാകുന്നത്.