ചിക്കമഗളൂരു മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. 100 അംഗ പ്രത്യേക ദൗത്യസംഘം തിരച്ചിൽ നടത്തുന്നതിനിടെ, മകളെ ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന് അമ്മ സംശയം പ്രകടിപ്പിച്ചു. 

ചിക്കമഗളൂരു: ചിക്കമഗളൂരു ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിനത്തിലേക്ക് കടക്കുന്നു. 48 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിനായി 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു.

തന്റെ മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന കടുത്ത ഭയപ്പാടിലാണ് ശ്രീനന്ദയുടെ അമ്മ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അവർ തന്റെ സംശയങ്ങൾ പങ്കുവെച്ചു. മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് സംശയമുണ്ട്. അവളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണം, എന്ന് അമ്മ രേണുക കണ്ണീരോടെ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സംഘമാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചു. എന്നാൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല.

പരിശോധന ഏകോപിപ്പിക്കാൻ കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാണിക്യധാരയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ അന്ന് വന്നുപോയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകൾക്ക് പുറമെ പുറത്തേക്കുള്ള റോഡുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.